നാളെ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് പള്ളിയിലെത്തി മൈക്കിലൂടെ വിളിച്ചുപറയുന്ന പൊലീസുകാരന്റെ വിഡിയോ പങ്കുവച്ച് ജോൺ ബ്രിട്ടാസ് എംപി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ പഴയ ഡൽഹിയിലെ ഒരു പള്ളിയിലെത്തി, ഒക്ടോബർ 10-ന് സിജെപി നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആളുകളോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണിതെന്ന് ജോൺ ബ്രിട്ടാസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

പള്ളിയിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽനിന്നുള്ള വിവരങ്ങൾ മൈക്കിലൂടെ വായിച്ചുകേൾപ്പിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ‘നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കുട്ടികളോടും അനാവശ്യമായി കൂട്ടംകൂടുകയോ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഉപദേശിക്കുക’ എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെടുന്നതെന്നും ജോൺ ബ്രിട്ടാസ് കുറിച്ചു.

പ്രതിഷേധത്തോടുള്ള കേന്ദ്ര സർക്കാരിന്റെ ഭയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടാസ് ആരോപിച്ചു. ‘ഡൽഹി പൊലീസിന്റെ ഈ “പ്രതിഷേധിക്കരുത്” എന്ന സൗജന്യ പ്രഭാഷണം വ്യക്തമാക്കുന്നത് ഒന്നാണ്: ഈ സർക്കാർ അങ്കലാപ്പിലാണ്, ഭയന്നിരിക്കുകയാണ്. ജനം ഈ പ്രതിഷേധത്തിനൊപ്പമാണെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞു. അതിനെ ഏതുവിധേനയും തകർക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. എന്നാൽ, ഇതെല്ലാം ഈ പ്രക്ഷോഭത്തെ കൂടുതൽ ആളിക്കത്തിക്കാനേ ഉപകരിക്കൂ’ എന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന അഭ്യർഥനയുമായി ഡൽഹി പൊലീസ് രംഗത്തെത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. വിവിധയിടങ്ങളിൽ പൊലീസിന്റെ ബോധവൽക്കരണ ക്യാംപെയ്ൻ നടക്കുന്നുണ്ട്. യുവജന സംഘടനകളോടടക്കം പ്രതിഷേധത്തിൽനിന്ന് വിട്ടുനിൽക്കാൻ പൊലീസ് അഭ്യർഥിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മസ്ജിദുകളിലെത്തിയും ജനങ്ങളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ENGLISH SUMMARY:

John Brittas MP sharing a controversial video of a Delhi Police officer warning citizens inside a mosque against joining the upcoming CJP protest. The footage highlights escalating tensions as opposition leaders criticize the central government's fear of public dissent.