സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ ബിജെപിയുടെ കൈകടത്തൽ ആരോപിച്ച് ബെംഗളൂരുവിൽ ഇന്ന് നടക്കുന്ന സിജെപി പ്രതിഷേധത്തിൽ മുഖ്യാതിഥിയായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ സിജെപി നേതാവ് അഭിജീത് ദീപ്കെയും ധ്രുവ് റാഠിയുമാണ് ഇക്കാര്യം അറിയിച്ചത്. വോട്ടർപട്ടികയിൽനിന്ന് പുറത്തായ നടൻ പ്രകാശ് രാജും പ്രതിഷേധത്തിന് നേതൃത്വം നൽകും. 

'ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ' എന്ന തലക്കെട്ടോടെയാണ് ധ്രുവ് റാഠി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെച്ചത്. അഭിജീത് ദീപ്‌കെയും പ്രകാശ് രാജും വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 'വോട്ടുകൾ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായാണ് രാവിലെ പത്തരയ്ക്ക് ബെം​ഗളൂരുവിലെ ഫ്രീഡം പാർക്കിൽ സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

ഇതിനുപിന്നാലെ ഒക്ടോബർ പത്തിന് ഡൽഹി ജന്തർമന്തറിൽ വിദ്യാർഥിസംഘടനകളുമായും പ്രതിപക്ഷ പാർട്ടികളുമായും ചേർന്നും സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ പത്തിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കും.

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ഫ്രീഡം പാർക്കിൽ നൂറിലധികം പൊലീസുകാരെ വിന്യസിച്ചു. യുവാക്കളുടെ വലിയ പങ്കാളിത്തമാണ് സിജെപി പ്രതീക്ഷിക്കുന്നത്. എസ്‌ഐആറില്‍ ജനങ്ങളുടെ അദാലത്തിന് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി നാളെ ബെംഗളൂരുവില്‍ 'ചപ്പല്‍ പ്രതിഷേധവും' സംഘടിപ്പിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് 'ചപ്പല്‍ പ്രതിഷേധം'.

ENGLISH SUMMARY:

Bengaluru voter list protest is happening today, with social media influencer Dhruv Rathee and activist joining the CJI protest. This demonstration aims to protect votes and democracy, with actor Prakash Raj also leading the charge against alleged manipulation in the electoral roll revision process.