മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ജന്തർ മന്തർ @ കൊച്ചി' പ്രതിഷേധ പരിപാടിക്ക് തുടക്കമായി. കൊച്ചി മറൈൻ ഡ്രൈവിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് കൊച്ചിയിലെത്തിയ അഭിജീത് ദിപ്കെ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നിടത്തോളം രാജ്യത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാകില്ലെന്നും അദ്ദേഹം നെടുമ്പാശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
'ജനാധിപത്യം സംരക്ഷിക്കുക, എസ്.ഐ.ആർ റദ്ദാക്കുക' എന്ന മുദ്രാവാക്യമുയർത്തിയുള്ള പോസ്റ്ററുകളും സി.ജെ.പി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. ദിപ്കെയ്ക്ക് പുറമെ സി.ജെ.പി സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഡൽഹിയിലെ ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിന് തൊട്ടുമുമ്പ് അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം സി.ജെ.പി സംഘടിപ്പിക്കുന്ന ആദ്യ പ്രതിഷേധ പരിപാടിയാണ് കൊച്ചിയിലേത്.