കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനും, ഉന്നത വിദ്യാഭ്യാസമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്. വിദ്യാഭ്യാസമന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണമെന്നും, രാജ്യത്തെ വിദ്യാർഥികള്‍ക്കൊപ്പം നിൽക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. നാടക വിദ്യാർഥികള്‍ അവരുടെ കാര്യങ്ങൾ ചെയ്യട്ടെ. ഇത്തരം നാടകങ്ങൾ അധികാരികൾ കളിക്കേണ്ടതില്ലെന്നും വി.സിയെ പ്രകാശ്‌ രാജ് പരിഹസിച്ചു. 

സസ്പെൻഷനെതിരെ കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരത്തിന്‍റെ ആറാം ദിവസമാണ് നടൻ പ്രകാശ് രാജ് സമരപ്പന്തലിലേക്ക് എത്തുന്നത്. വിദ്യാർഥികളുമായി സംസാരിച്ചതിനു ശേഷമായിരുന്നു സംസ്ഥാന സർക്കാരിനും, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണിനുമെതിരായ പ്രകാശ് രാജിന്‍റെ പരാമർശങ്ങൾ. മാപ്പെഴുതി നൽകാൻ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും, ഗോഡ്‌സെയെപ്പോലെ അക്രമകാരികളല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. വിദ്യാർഥികൾ എങ്ങനെയാണ് പ്രതിഷേധിക്കുന്നത് എന്നതിനേക്കാൾ, അവർ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറാകണം.

കലാകാരന്മാർ തങ്ങളുടെ പ്രതിഷേധം കലയിലൂടെ രേഖപ്പെടുത്തുമെന്നും, കലയെയും വിദ്യാർത്ഥി പ്രതിഷേധങ്ങളെയും മനസ്സിലാക്കാനുള്ള തലച്ചോറോ സംവേദനക്ഷമതയോ വി.സിക്കില്ലെന്നും വിമർശനം.പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ വിദ്യാർഥികൾക്കൊപ്പം സമരപ്പന്തലിൽ ഇരിക്കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ അപേക്ഷ അടുത്തയാഴ്ചയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വീണ്ടും പരിഗണിക്കുക.

Prakash Raj Slams Kerala Government Over Kalady University Student Suspension: