രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുന്നു

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തില്‍ ഇന്നും സംഘര്‍ഷഭരിതമായി ഡല്‍ഹി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ  രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തില്‍ ഇന്നും സംഘര്‍ഷഭരിതമായി   ഡല്‍ഹി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ എംപിമാരും പ്രവർത്തകരും ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. Also Read: ‘രാഹുല്‍ജിയെ കാണാന്‍ അനുവാദമില്ലെങ്കില്‍ അറസ്റ്റ് ചെയ്യൂ; ഒറ്റക്കെട്ടായി ഇന്ത്യാ സഖ്യം എംപിമാര്‍


അശോക റോഡിൽ വച്ച് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചതോടെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രവർത്തകർക്ക് ഇടയിലേക്ക് നീങ്ങിയ രാഹുൽ ഗാന്ധി പൊലീസ് നടപടിയെ ചെറുത്തു. തുടർന്ന് പൊലീസ് ബലംപ്രയോഗിച്ച് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കയറ്റി.

രാഹുലിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും വനിതാ പ്രവർത്തകരും റോഡിൽ വാഹനത്തിന് കുറുകെ കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധിച്ച എംപിമാരെയും പ്രവർത്തകരെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി വാഹനങ്ങളിൽ കയറ്റി. പിന്നാലെ പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

New Delhi: Congress MPs Priyanka Gandhi Vadra and Deepender Singh Hooda being detained during a sit-in protest against Chief Election Commissioner (CEC) Gyanesh Kumar at the roundabout near Shangri-La hotel, in New Delhi, Wednesday, Oct. 7, 2026. (PTI Photo)(PTI10_07_2026_000401B)

രാഹുൽ ഗാന്ധിയെ കൊണ്ടുപോയ പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് രാഹുലിനെ ബാരഖമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ സ്റ്റേഷന് മുന്നിലും സംഘർഷാവസ്ഥയുണ്ടായി.

രാഹുൽ ഗാന്ധിയെ കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ബാരഖമ്പ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ ആദ്യം അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. ഏറെനേരത്തെ സമ്മർദത്തിന് ശേഷമാണ് സതീശനെ സ്റ്റേഷനുള്ളിലേക്ക് കടത്തിവിട്ടത്. പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സ്ഥലത്തെത്തി.

രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ഇന്ത്യ സഖ്യം നേതാക്കളും പ്രവർത്തകരും പ്രതിഷേധം തുടർന്നു. കെ.സി. വേണുഗോപാൽ, ഇടത് എംപിമാർ ഉൾപ്പെടെയുള്ള നേതാക്കളും പൊലീസ് സ്റ്റേഷന് മുന്നിലെത്തി.

പ്രതിഷേധം നിയന്ത്രിക്കാൻ ഡൽഹി പൊലീസ്, കേന്ദ്രസേന, ദ്രുതകർമസേന എന്നിവരടങ്ങുന്ന വൻ സുരക്ഷാ സന്നാഹമാണ് വിന്യസിച്ചിരുന്നത്. സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

എട്ട് മണിക്ക് ശേഷമാണ് രാഹുൽ ഗാന്ധിയെ ബാരക്കമ്പ പൊലീസ് സ്റ്റേഷനിൽനിന്ന് വിട്ടയച്ചത്. പിന്നാലെ പ്രിയങ്ക ഗാന്ധിയെയും പൊലീസ് വിട്ടയച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ഇതോടെ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനാണ് ഡൽഹിയിൽ സാക്ഷ്യം വഹിച്ചത്.

ENGLISH SUMMARY:

Delhi witnessed tense scenes during the INDIA bloc’s Jantar Mantar march demanding Chief Election Commissioner Gyanesh Kumar’s resignation. Rahul Gandhi and Priyanka Gandhi were detained after police stopped the protest march and were later released. V.D. Satheesan and other Opposition leaders also reached the police station, while heavy security was deployed to control the situation.