ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി. പ്രഖ്യാപിച്ച പ്രതിഷേധ സമരങ്ങൾക്ക് പൂർണ പിന്തുണയുമായി ചലച്ചിത്രതാരം പ്രകാശ് രാജ്. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധ പരിപാടികളിൽ എല്ലാവരും പങ്കെടുക്കണമെന്ന ആഹ്വാനവുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലി അനുകരിച്ച് ‘ഹായ് ഫ്രണ്ട്സ്’ എന്ന് അഭിസംബോധന ചെയ്താണ് പ്രകാശ് രാജ് വിഡിയോ ആരംഭിക്കുന്നത്. നാം മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തെ വധിച്ച നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുന്ന ചില ഗുണ്ടകൾ സമൂഹത്തിലുണ്ടെന്നും ആ യാഥാർഥ്യം മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതേ ആളുകള്‍ തന്നെയാണ് എസ്ഐആറിലൂടെ നമ്മുടെ ജനാധിപത്യത്തെയും പൗരത്വത്തെയും നശിപ്പിക്കുന്നതെന്നും എന്നാൽ രാജ്യത്തെ യുവജനങ്ങളും സിജെപിയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാജ്യത്തുടനീളം സമാധാനപരമായും ശക്തമായും പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നേഹ ബോലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നു. മുംബൈയിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ സജീവമാണ്. ‘പാറ്റകൾ തിരിച്ചെത്തിയിരിക്കുന്നു. അതിനാൽ സമരത്തിൽ പങ്കാളികളായി എല്ലാവരും പിന്തുണ നൽകണം’ എന്നും അദ്ദേഹം അഭ്യർഥിച്ചു.
വിഡിയോയുടെ അവസാനത്തിൽ ഗ്യാനേഷ് കുമാറിനെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ‘എന്റെ സുഹൃത്തേ, ഗണപതി നിമജ്ജനം ഈ നാട്ടിൽ കഴിഞ്ഞു. ഗ്യാനേഷ് കുമാറിന്‍റേതാണ് ബാക്കി’ എന്നായിരുന്നു പ്രകാശ് രാജിന്‍റെ പരാമർശം. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയ്‌ക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന ആഹ്വാനമാണ് അദ്ദേഹം വിഡിയോയിലൂടെ നൽകിയത്. ഗ്യാനേഷ് കുമാർ ഈ രാജ്യത്തോട് വഞ്ചന കാണിച്ചെന്നും അദ്ദേഹം രാജിവയ്ക്കുംവരെ പ്രതിഷേധം തുടരുമെന്നും സിജെപിയും വ്യക്തമാക്കി.