• പോക്സോ കേസിലെ പെണ്‍കുട്ടി കോടതിയോട് ഒരാവശ്യം ഉന്നയിച്ചു. അവളുടെ വാക്കുകള്‍ അതേപടി കേട്ട് കോടതി

‘ഞാന്‍ അങ്കിള്‍ എന്നുവിളിക്കുന്ന, എന്നെ ഉപദ്രവിച്ച അയാള്‍ വയസാകുംവരെ ജയിലില്‍ കിടക്കണം’ – കുഞ്ഞുന്നാളില്‍ത്തന്നെ തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് പത്തുവയസുകാരി ജഡ്ജിയോട് പറഞ്ഞ വാക്കുകളാണിത്. പോക്സോ കേസ് പരിഗണിച്ച ജഡ്ജി ആ കുഞ്ഞിന്‍റെ വാക്കുകള്‍ കേട്ടു. വിധിന്യായത്തിന്‍റെ അവസാനഭാഗത്ത് ഇങ്ങനെയൊരു വരി അവള്‍ക്കായി എഴുതിച്ചേര്‍ത്തു. ‘പ്രിയപ്പെട്ട കുഞ്ഞേ, ഈ കോടതി നിന്റെ വാക്കുകള്‍ അതേപടി കേള്‍ക്കുകയാണ്. നീ അങ്കിള്‍ എന്നുവിളിച്ചിരുന്ന അയാളിനി സ്വതന്ത്രനായി നടക്കില്ല. ശേഷിക്കുന്ന ജീവിതം ഒരു കൂട്ടിനകത്തായിരിക്കുമെന്ന് നിനക്ക് ഉറപ്പുനല്‍കുന്നു. അയാള്‍ ആ കൂട്ടില്‍ക്കിടന്ന് വൃദ്ധനാകും, മരിക്കും. അയാള്‍ക്കിനി നിന്നെയോ നിന്റെ സഹോദരിയോ മറ്റേതെങ്കിലും കുഞ്ഞിനേയോ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ സാധിക്കില്ല. ഈ കോടതി കണ്ടതില്‍ വച്ചേറ്റവും ധൈര്യശാലിയായ കുഞ്ഞാണ് നീ. കോടതിയിലെത്തി, ധൈര്യത്തോടെ നിന്നെ ഉപദ്രവിച്ചവനെ ചൂണ്ടിക്കാണിച്ചു. സത്യം തുറന്നുപറഞ്ഞു. അങ്കിള്‍ എന്ന് നീ വിളിക്കുന്നയാള്‍ നിന്നോട് ചെയ്തത് ഏറ്റവും വലിയ ക്രൂരതയാണ്. പക്ഷേ നീ മിണ്ടാതിരുന്നില്ല, തളര്‍ന്നില്ല. അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. കാരണം നീ ഒരു പോരാളിയാണ്. അയാളിനി ഒരു കുഞ്ഞിനേയും ഉപദ്രവിക്കില്ല.’

Also Read: ‘നാട്ടിലേക്ക് തിരിക്കാന്‍ മണിക്കൂറുകള്‍ മാത്രം, വിമാനത്താവളത്തിലെത്തി കുടുംബം

ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ ആവശ്യം പരിഗണിച്ച വിചാരണക്കോടതി, പോക്സോ കേസ് പ്രതിയെ ജീവിതാവസാനം വരെ കഠിനതടവിനു ശിക്ഷിച്ചു. ‘ഈ കോടതിക്ക് നിന്റെ ബാല്യം തിരികെ നൽകാനാവില്ല. പക്ഷേ നിന്റെ വാക്കുകള്‍ കേട്ടെന്ന് ഉറപ്പുനല്‍കാനാവും. നിന്റെ ആവശ്യം അനുവദിച്ചുകഴിഞ്ഞിരിക്കുന്നു. നിന്നെ ഉപദ്രവിച്ചവന്‍ ഇനി പകലിനേയോ സൂര്യനേയോ കാണില്ല. മോളേ, ഇനി നീ ജീവിക്കുക. സ്കൂളില്‍ പോകണം, കൂട്ടുകാര്‍ വേണം, ചിരിക്കണം, കളിക്കണം, സ്വപ്നം കാണണം. നിന്റെ ഈ ധൈര്യം കോടതി എന്നും ഓർക്കും.’ വിധിന്യായത്തില്‍ പറയുന്നു.

Also Read: നിലമ്പൂർ വനത്തില്‍ ലക്ഷങ്ങളുടെ തേക്കും വീട്ടിയും വെട്ടിക്കടത്തി; വനം ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല

വിചാരണക്കോടതിയുടെ വിധിന്യായത്തിലെ ഈ സന്ദേശം പ്രിന്‍റ് ചെയ്ത് രണ്ടാഴ്ചയ്ക്കകം പെണ്‍കുട്ടിയ്ക്ക് എത്തിച്ചുകൊടുക്കാന്‍ ഡൽഹി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തുകയ്ക്കൊപ്പമായിരിക്കണം സന്ദേശം എത്തിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയുടെ വാക്കുകളെ ‘ധൈര്യത്തിന്റെ സന്ദേശം’ എന്നാണ് ഹൈക്കോടതി ബെഞ്ച് വിശേഷിപ്പിച്ചത്. ജസ്റ്റിസ് പ്രതിഭ എം.സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സെപ്റ്റംബർ 22-ന് ഈ ഉത്തരവിട്ടത്. 

2023 ജൂലൈ 23നാണ് അന്ന് ഏഴുവയസുള്ള കുഞ്ഞ് ലൈംഗികാതിക്രമം നേരിട്ടത്. ലൈംഗികപീഡനവും മറ്റ് കുറ്റങ്ങളും തെളിഞ്ഞതോടെ വിചാരണക്കോടതി പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഭീഷണിപ്പെടുത്തിയ കേസില്‍ അഞ്ചുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ലഭിച്ചു. രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിക്കാനാണ് വിധി.

പെണ്‍കുട്ടിക്ക് 10.50 ലക്ഷം രൂപയാണ് വിചാരണക്കോടതി വിധിച്ച നഷ്ടപരിഹാരം. ഈ തുക കൈമാറിയതിന്‍റെ രേഖ ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കാന്‍ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതവും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആഘാതവും കണക്കിലെടുത്താണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷയും തള്ളി. ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി തീരുമാനം. പ്രതിയുടെ അപ്പീല്‍ 2027 ജനുവരി ഇരുപതിലേക്ക് മാറ്റി.

 

Delhi Court's Inspiring Verdict for 10-Year-Old POCSO Survivor:

A trial court in Delhi sentenced a POSPOC (Protection of Children from Sexual Offences) accused to rigorous imprisonment for the remainder of his natural life for assaulting a seven-year-old girl in July 2023. In a touching addition to the judgment, the trial court judge addressed the now ten-year-old victim directly, praising her courage, assuring her that the culprit will spend his remaining days behind bars, and encouraging her to live her life fully. The Delhi High Court, led by a bench of Justice Prathiba M. Singh and Justice Dinesh Bhatt, upheld the trial court's message as a "message of courage" and directed the Delhi District Legal Services Authority to print and deliver the note to the child alongside her compensation within two weeks. The court awarded ₹10.50 lakh in compensation to the victim, rejected the perpetrator's bail plea based on forensic and circumstantial evidence, and scheduled the appeal hearing for January 20, 2027