സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ വടകര സ്വദേശി പിടിയില്‍. മുഹമ്മദ് നജീറാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായത്. കണ്ണഞ്ചേരി സ്വദേശിയുടെ 15 പവന്‍ സ്വര്‍ണവുമായി ഇയാള്‍ മുങ്ങി. തുടര്‍ന്ന് പരാതിക്കാരി കൊടുത്ത കേസ് അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പ്രതിക്കെതിരെ വളയം, പട്ടാമ്പി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മുന്‍പും സമാനമായ പരാതികളുണ്ടെന്നും കണ്ടെത്തി. വിവിധ ജില്ലകളില്‍ വ്യാജ സൗഹൃദം നടിച്ച് യുവതികളില്‍ നിന്ന് ഇതുവരെ 65 പവനിലധികം സ്വര്‍ണം തട്ടിയെടുത്തതായി പൊലീസ്. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നീ സോഷ്യല്‍മീഡിയ വഴി സ്ത്രീകള്‍ക്ക് മെസേജ് അയച്ച് പരിചയം തുടങ്ങുന്നതാണ് മുഹമ്മദ് നജീറിന്‍റെ പതിവ്. പിന്നീട് സൗഹൃദത്തിലേക്ക് എത്തുമ്പോഴേക്കും അവരുടെ എല്ലാ കാര്യങ്ങളും ചോദിച്ചറിയുകയും സ്വര്‍ണം കൈവശമുണ്ടോയെന്നും അന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു.
സ്വര്‍ണമുണ്ടെന്ന് പറയുന്ന സ്ത്രീകളോട്, ആ സ്വര്‍ണം പുതിയ രീതിയില്‍ നിര്‍മിച്ചു കൊടുക്കാറുണ്ടെന്നും, അത്തരത്തില്‍ പുതുതായി നിര്‍മിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് മോഡല്‍ കാണിക്കാനായി സ്വര്‍ണം വാങ്ങുകയും പിന്നീട് അതുമായി മുങ്ങുന്നതുമായിരുന്നു പതിവ്. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.