ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിലെ മദ്യവില്‍പ്പനശാലയില്‍ അപ്രതീക്ഷിതമായി കയറിയ കുരങ്ങൻ ഒറ്റവലിക്ക് അകത്താക്കിയത് അരക്കുപ്പിയോളം മദ്യം. റാഞ്ചിയിലെ മോറാബാദി മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ മദ്യവില്‍പ്പനശാലയിലാണ് സംഭവം. കുരങ്ങൻ മദ്യം കുടിക്കുന്നതിന്റെയും പിന്നീട് ലഹരിമൂത്ത് മലർന്നുകിടന്ന് ഉറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കടയുടെ വാതിൽ തുറന്നുകിടന്ന സമയമാണ് കുരങ്ങൻ ഉള്ളില്‍ കടന്നത്. കടയ്ക്കുള്ളിൽ കയറിയ കുരങ്ങൻ മദ്യക്കുപ്പികൾ അടുക്കിവെച്ചിരുന്ന റാക്കിലേക്ക് കടന്നു. റാക്കിലിരുന്ന വോഡ്കയുടെ കുപ്പികളിലൊന്ന് എടുത്ത് അതിന്റെ മൂടി പല്ലുകൊണ്ട് കടിച്ച് തുറക്കുകയായിരുന്നു. തുടർന്ന് മദ്യപെട്ടികൾക്ക് മുകളിൽ കയറിയിരുന്ന് അരക്കുപ്പിയോളം മദ്യം ഒറ്റവലിക്ക് അകത്താക്കി. ജീവനക്കാർ ഓടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങൻ മാറാൻ കൂട്ടാക്കിയില്ല. കഴിക്കാന്‍ ബിസ്കറ്റ് വരെ കൊടുത്തുനോക്കിയെങ്കിലും അതൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു കുരങ്ങന്‍.

മദ്യം ഉള്ളിൽച്ചെന്നതോടെ മിനിറ്റുകൾക്കകം കുരങ്ങന് ലഹരി തലയ്ക്കുപിടിച്ചു. തുടർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായ കുരങ്ങൻ മദ്യപെട്ടികൾക്ക് മുകളിൽ ബോധമില്ലാതെ കിടപ്പായി. സംഭവം കാണാനാകട്ടെ പ്രദേശവാസികളും മദ്യം വാങ്ങാനെത്തിയവരും കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. പലരും സംഭവം മൊബൈൽ ഫോണുകളിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

സോഷ്യല്‍മീഡിയയിവ്‍ പ്രചരിക്കുന്ന വിഡിയോകളിൽ മദ്യം വാങ്ങാൻ കടയിൽ ആളുകളെത്തുന്നതും ജീവനക്കാർ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതും കാണാം. ഇവര്‍ക്കെല്ലാം പിന്നിലായി ബോധമില്ലാതെ ഉറങ്ങുകയായിരുന്നു കുരങ്ങന്‍. കുരങ്ങന് ബോധം വരുന്നത് വരെ കടക്കാരും കാത്തിരുന്നു. ഒടുവില്‍ മണിക്കൂറുകൾക്ക് ശേഷം ‘കെട്ടിറങ്ങിയപ്പോള്‍’ കുരങ്ങൻ തന്നെ സ്വയം കടയില്‍ നിന്ന് തിരികെ കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു.

അതേസമയം, പ്രദേശത്ത് കുരങ്ങന്മാരുടെ ശല്യം രൂക്ഷമാണെന്നും, എന്നാൽ ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണെന്നും കടയിലെ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ട മദ്യക്കുപ്പികളിൽ നിന്ന് ബാക്കിയായ മദ്യം കുരങ്ങുകള്‍ കുടിക്കുന്നതായി കണ്ടിരുന്നെന്നും കടയുടമകളും നാട്ടുകാരും പറയുന്നു.

ENGLISH SUMMARY:

In a bizarre incident in Ranchi, Jharkhand, a monkey entered a government-run liquor store in the Morabadi area and drank nearly half a bottle of vodka. The primate managed to open the bottle cap using its teeth and ignored biscuits offered by shop employees who attempted to distract it. Within minutes, the monkey became heavily intoxicated and passed out on top of cardboard liquor boxes inside the shop. The amusing spectacle drew a crowd of curious onlookers and went viral on social media before the monkey eventually sobered up and wandered back into the nearby forest.