അസമിലെ ഗുവഹാത്തിയിലുള്ള കാമാഖ്യ റെയിൽവേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിൽക്കുകയായിരുന്ന യുവതിക്ക് നേരെ അജ്ഞാതനായ യുവാവ് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി. സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. യുവാവ് മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങൾ യുവതി തന്നെ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ബന്ധുവിനെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങള്‍ പകർത്തിയ യുവതി പറയുന്നു. ട്രെയിൻ എത്താൻ അരമണിക്കൂറോളം സമയമുണ്ടായിരുന്നതിനാൽ യുവതി പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കുമ്പോഴാണ് യുവാവ് മോശമായി പെരുമാറാൻ തുടങ്ങിയത്. തന്‍റെ അടുത്തേക്ക് വന്ന ഇയാള്‍ തുടർച്ചയായി തുറിച്ചുനോക്കുകയും അശ്ലീലം പറയുകയും ചെയ്തതായി യുവതി പറയുന്നു. തുടർന്ന് തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ സ്പര്‍ശിച്ചുകൊണ്ട് യുവാവ് അശ്ലീല ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങി.
യുവതി ഫോണിൽ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയതോടെ ഇയാൾ അവിടെനിന്ന് സ്ഥലം വിട്ടു. എന്നാല്‍ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോൾ മടങ്ങിയെത്തിയ ഇയാള്‍ വീണ്ടും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും പിന്തുടരുകയും ചെയ്തതായി യുവതി പറയുന്നു. തിരക്കുള്ള റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു യുവാവിന്‍റെ ലൈംഗിക അതിക്രമം. യുവതി പങ്കുവെച്ച വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയില്‍ പ്രചരിച്ചതോടെ പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
മാത്രമല്ല, കാമാഖ്യ സ്റ്റേഷനിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നും റെയിൽവേ സുരക്ഷാ വിഭാഗം കൃത്യമായി ഇടപെടുന്നില്ലെന്നും ചിലർ ആരോപിച്ചു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അസം പൊലീസും സര്‍ക്കാരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ റെയിൽവേ പൊലീസിന് സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിച്ചു.