മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരിക്കെ നാഗ്പുർ–മുംബൈ ദുരന്തോ എക്സ്പ്രസിന് (ട്രെയിൻ നമ്പർ: 12290) നേരെ കല്ലേറ്. ആക്രമണത്തിൽ ട്രെയിനിന്റെ മൂന്ന് എസി കോച്ചുകളുടെ ജനൽച്ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച രാത്രി ബോർഖേഡി സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയായിരുന്നു സംഭവം.

വെള്ളിയാഴ്ച രാത്രി 8.27-ഓടെ ട്രെയിൻ ബോർഖേഡി സ്റ്റേഷൻ പിന്നിട്ട് അതിവേഗത്തിൽ സഞ്ചരിക്കുമ്പോഴാണ് ട്രാക്കിന് സമീപത്തുനിന്ന് അജ്ഞാതർ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ A-1, B-2, B-5 എന്നീ എസി കോച്ചുകളുടെ ജനൽച്ചില്ലുകൾ തകർന്നു. വിൻഡോ സീറ്റിന് സമീപം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന യാത്രക്കാരുടെ സമീപത്തേക്കാണ് ജനൽച്ചില്ലുകളുടെ കഷണങ്ങൾ തെറിച്ചുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ജനൽച്ചില്ല് തകർന്നതെന്ന് യാത്രക്കാരിലൊരാൾ പങ്കുവച്ച വിഡിയോയിൽ പറയുന്നുണ്ട്. കല്ലേറിൽ ചിതറിത്തെറിച്ച ചില്ലുകഷണങ്ങൾ കൊണ്ട് തങ്ങളുടെ നാല് സുഹൃത്തുക്കൾക്ക് പരിക്കേറ്റതായും യാത്രക്കാരൻ അവകാശപ്പെടുന്നു. ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നവർ യഥാർഥത്തിൽ സുരക്ഷിതരാണോ എന്ന് ചോദിച്ചുകൊണ്ടാണ് യാത്രക്കാരൻ ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവച്ചത്. എന്നാൽ, റെയിൽവേയുടെ ഔദ്യോഗിക വിവരമനുസരിച്ച് സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.

‘ഒരു കല്ല് വന്ന് ഞങ്ങളുടെ കംപാർട്ട്മെന്റിന്റെ ജനൽച്ചില്ല് തകർക്കുകയും എന്റെ നാല് സുഹൃത്തുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഞങ്ങളുടെ കംപാർട്ട്മെന്റിൽ ചെറിയ കുട്ടികളടക്കമുള്ള കുടുംബങ്ങളുണ്ടായിരുന്നു. ആ കല്ല് ജനലിൽത്തന്നെ പതിച്ചത് ആശ്വാസമാണ്. തുറന്നിരുന്ന ജനലോ മറ്റോ ആയിരുന്നെങ്കിൽ ആഘാതം ഇതിലും ഭയാനകമായേനേ. ഇത് ജനൽച്ചില്ല് തകർന്ന പ്രശ്നം മാത്രമല്ല. ഒരു യാത്ര എത്ര പെട്ടെന്നാണ് വലിയ ദുരന്തമായി മാറുന്നത് എന്നതിനെക്കുറിച്ചാണ്. നമുക്ക് കൂടുതൽ മെച്ചപ്പെട്ട സുരക്ഷ വേണം. ബന്ധപ്പെട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കണം. യാത്ര ചെയ്യുമ്പോൾ സുരക്ഷിതത്വബോധം തോന്നണം’– യാത്രക്കാരൻ കുറിച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ആർപിഎഫും റെയിൽവേ പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി. പ്രദേശവാസികളെയടക്കം ചോദ്യം ചെയ്തെങ്കിലും കല്ലെറിഞ്ഞയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങളോ തെളിവുകളോ ലഭിച്ചിട്ടില്ല. സംഭവത്തിൽ അജ്ഞാതർക്കെതിരെ റെയിൽവേ ആക്ടിലെ സെക്ഷൻ 153 പ്രകാരം കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 2.55-നാണ് കേസ് രജിസ്റ്റർ ചെയ്തത്. കല്ലേറ് നടന്ന കൃത്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിലും നാഗ്പുർ–മുംബൈ ദുരന്തോ എക്സ്പ്രസിന് നേരെ ഇഗത്പുരിക്ക് സമീപം കല്ലേറുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയിനുകൾക്ക് നേരെയുള്ള ഇത്തരം സംഭവങ്ങള്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർത്തുകയാണ്.

ENGLISH SUMMARY:

Unidentified miscreants pelted stones at the running Nagpur-Mumbai Duronto Express near Borkhedi station in Maharashtra, causing widespread panic among passengers. The attack shattered the window glasses of three AC coaches (A-1, B-2, and B-5) and left several passengers with minor injuries from flying glass splinters. Passengers posted harrowing videos of the incident on social media, raising severe concerns over passenger safety on Indian Railways. The Railway Protection Force and Railway Police have registered a case under Section 153 of the Railway Act and intensified patrolling in the area.