ഒരു ലൈവ് റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടറോട് സംസാരിച്ച്, തൊട്ടടുത്ത നിമിഷം തന്നെ അപ്രത്യക്ഷയാകുന്ന ഒരു നാവിക ഉദ്യോഗസ്ഥയുടെ വിഡിയോ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. അർജന്റീനയിലാണ് സംഭവം.
ന്യൂസ് ചാനലിൽ റിപ്പോർട്ടർ ഒരു കപ്പലിനെക്കുറിച്ച് സംസാരിക്കവെ നാവിക ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച ഒരു സ്ത്രീയുടെ പ്രതികരണം എടുക്കുകയാണ്. എന്നാൽ, റിപ്പോർട്ടറോട് സംസാരിച്ചുകൊണ്ട് നിൽക്കുന്ന യുവതി, അദ്ദേഹം ഒന്ന് തിരിയുന്ന നിമിഷത്തിനുള്ളിൽ തന്നെ കാമറയ്ക്ക് മുന്നിൽ നിന്നും അപ്രത്യക്ഷയാകുന്നു. ഇതാണ് പുറത്തു വന്ന വിഡിയോയിൽ കാണാനാകുന്നത്. വിഡിയോ ക്ലിപ്പിന്റെ ഈ ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും.
എന്തെങ്കിലും സാങ്കേതിക തകരാറോ അല്ലെങ്കിൽ ഗ്ലിച്ചടിച്ചതോ ആകാം ഇതെന്നാണ് ആളുകൾ പറയുന്നത്. എന്നാൽ അതിനിടെ ക്ലിപ്പിൽ തങ്ങൾ ഒരു എഡിറ്റിങ്ങും നടത്തിയിട്ടില്ലെന്നും ആ സമയം മറ്റു സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടില്ലെന്നും ടിവി ജീവനക്കാർ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്. കൂടാതെ, റിപ്പോർട്ടർ തന്നെ അവർ പെട്ടെന്ന് അപ്രത്യക്ഷയായെന്നും പിന്നീട് അവരെ കണ്ടില്ലെന്നും പ്രതികരിച്ചതായി പറയുന്നു.
അതേസമയം, നമ്മൾ ജീവിക്കുന്ന ലോകം ഒരു വിർച്വൽ റിയാലിറ്റിയോ സിമുലേഷനോ ആണെന്ന് വാദിക്കുന്ന 'ഗ്ലിച്ച് ഇൻ ദി മാട്രിക്സ്' എന്ന പ്രതിഭാസത്തിന് ഉദാഹരണമാണിതെന്നും മറ്റൊരു വിഭാഗത്തിന്റെ വാദമുണ്ട്. എന്തായാലും, സയൻസ് ഫിക്ഷൻ സിനിമകളെപ്പോലും തോൽപ്പിക്കുന്ന രീതിയിലുള്ള ഈ വിഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.
Compose