മരിച്ചെന്നുകരുതി സംസ്കാര ചടങ്ങുകൾക്കായി ശവപ്പെട്ടിക്കുള്ളിൽ കിടത്തിയ പതിനഞ്ചുകാരി ജീവനോടെ എഴുന്നേറ്റു. ഗ്വാട്ടിമാലയിലാണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം. കടുത്ത നെഞ്ചുവേദനയെത്തുടര്ന്ന് യൂലെയ്ഡി എന്ന പെൺകുട്ടിയെ കുടുംബം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള് കുട്ടിയുടെ ചലനം നിലച്ചു. ഹൃദയമിടിപ്പ് നോക്കിയപ്പോള് നിശ്ചലമായെന്ന് തോന്നിയതിനെത്തുടര്ന്ന് പിതാവ് കുട്ടിയുടെ ‘മൃതദേഹം’ വീട്ടില് തിരികെ എത്തിച്ചു. തുടര്ന്ന് മതപരമായ ചടങ്ങുകള്ക്കുള്ള ഒരുക്കങ്ങള് തുടങ്ങി. ശരീരം ശവപ്പെട്ടിക്കുള്ളിലേക്ക് മാറ്റി. എന്നാൽ, ചടങ്ങുകൾക്കിടെ പെട്ടിക്കുള്ളിൽ നിന്ന് ചില ശബ്ദങ്ങള് കേട്ടു.
അടുത്തുനിന്നവർ രണ്ടുംകല്പ്പിച്ച് പെട്ടിയുടെ മൂടി തുറന്നപ്പോൾ കണ്ടത് ജീവനോടെ എഴുന്നേറ്റിരിക്കുന്ന പെൺകുട്ടിയെയാണ്. വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേര് ഈ സംഭവത്തെ അത്ഭുതമാക്കി അവതരിപ്പിച്ചു. വീഡിയോയിൽ തന്നെ ആളുകൾ ദൈവത്തെ സ്തുതിക്കുന്നതും നടന്നത് അത്ഭുതമാണെന്ന് വിളിച്ചു പറയുന്നതും കേൾക്കാം.
അതേസമയം വൈറല് വിഡിയോയെയും അതിന് ഇടയാക്കിയ സാഹചര്യത്തെയും വിമര്ശിച്ച് ഒട്ടേറെപ്പേര് രംഗത്തുവന്നു. കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ചിലര് ഇത്തരത്തിൽ മാത്രമേ പെരുമാറൂ. ഒരാളുടെ മരണം സ്ഥിരീകരിക്കാൻ ആണ് ആശുപത്രിയും ഡോക്ടർമാരും ഉള്ളത്. എന്നാൽ, ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ഒരാൾ മരിച്ചെന്ന് ഉറപ്പിക്കുക മാത്രമല്ല, സംസ്കാരം നടത്താൻ കാട്ടിയ തിടുക്കവും ഇവർ ചോദ്യം ചെയ്യുകയാണ്. സംഭവം ഇത് പ്രാങ്കോ (prank) മറ്റോ ആണോ എന്നും ഇവർ ചോദിക്കുന്നു. കാരണം, മരണപ്പെട്ട ഒരാളെ ധരിപ്പിക്കുന്ന വസ്ത്രമല്ല വീഡിയോയിൽ കാണുന്ന കുട്ടിക്കുള്ളത്. അതിനാൽ, സംഭവം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അവര് പറഞ്ഞു.