യുപിഐയ്ക്ക് ചാര്‍ജ് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് വ്യാപാരികള്‍. മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ രണ്ടിന് നോ യുപിഐ ഡേ ആചരിക്കും. മഹാരാഷ്ട്ര ചേംബർ ഓഫ് കോമേഴ്സാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്. ഈ ദിവസം പണമായി മാത്രമെ തുക സ്വീകരിക്കുകയുള്ളൂ.

മധ്യപ്രദേശിലെ പ്രതിഷേധത്തിനു പിന്നാലെയാണ് മഹാരാഷ്ട്രയിലും വ്യാപാരികള്‍ പ്രതിഷേധിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാൽ, ഇൻഡോർ  നഗരങ്ങളിൽ വ്യാപാരികള്‍ ക്യൂആര്‍ കോഡിന് മുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുകയും നോ യുപിഐ ഡേ എന്ന പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുപിഐ പെയ്മെന്‍റ് സൗണ്ട്‌ബോക്‌സുകള്‍ കറുത്ത തുണികൊണ്ട് മൂടിയുമാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഇതേദിവസം വ്യാപാരികൾ പണമായി മാത്രമാണ് ഇടപാട് നടത്തിയത്. 

നേരത്തെ പെട്രോൾ പമ്പുകളില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കുന്നത് നിർത്താന്‍ മധ്യപ്രദേശിലെ പമ്പുടമകള്‍ തീരുമാനിച്ചിരുന്നു. ഒക്ടോബർ 15 മുതൽ യുപിഐ സ്വീകരിക്കുന്നത് നിര്‍ത്തുക. ഇന്ധന റീട്ടെയില്‍മാരെ എംഡിആർ നിരക്കിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ നിർത്തിവെക്കുമെന്ന് മുംബൈയിലെ പെട്രോൾ പമ്പ് ഡീലർമാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒക്ടോബര്‍ 15 മുതലാണ് യുപിഐ ഇടപാടുകള്‍ക്ക് ഈടാക്കിയ എംഡിആര്‍ പ്രാബല്യത്തില്‍ വരിക. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കാനാണ് തീരുമാനമെങ്കിലും പെട്രോള്‍ പമ്പുകള്‍ക്ക് അഞ്ചു രൂപ ഫ്ലാറ്റ് നിരക്കിലാണ് എംഡിആര്‍ ഈടാക്കുക. റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻ, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യവും കുറഞ്ഞ ലാഭവിഹിതവുമുള്ള മേഖലകളിൽ 2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് 5 രൂപ നിരക്കിൽ ഫ്ലാറ്റ് നിരക്ക് ഈടാക്കും. ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് ഇടപാടുകള്‍ക്ക് നിരക്ക് 0.02 ശതമാനമായിരിക്കും എംഡിആര്‍.

ENGLISH SUMMARY:

Traders in Maharashtra have announced plans to observe 'No UPI Day' on October 2 to protest the central government's decision to levy charges on digital transactions. Spearheaded by the Maharashtra Chamber of Commerce, the protest follows similar demonstrations in Madhya Pradesh where shopkeepers covered QR codes and soundboxes with black tape. Retailers are strongly opposing the implementation of the Merchant Discount Rate (MDR), warning that transactions above 2,000 rupees will face restrictions if exemptions are not granted. Fuel stations in Mumbai and other regions have also issued ultimatums threatening to stop accepting UPI payments starting October 15.