Image Credi: X @DeshGujarat

ഗുജറാത്തിലെ സൂറത്തിൽ വസ്ത്രവ്യാപാര മാർക്കറ്റിലുണ്ടായ തീപ്പിടിത്തതില്‍ ട്വിസ്റ്റ്. മാര്‍ക്കറ്റിലുണ്ടായത് ഒരു സാധാരണ തീപ്പിടുത്തം ആണെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ട്വിസ്റ്റ് പുറത്തു വന്നത്. ദിവസവും ലക്ഷക്കണക്കിലധികം വസ്ത്രങ്ങള്‍ വിറ്റുപോയിരുന്ന കടയില്‍ പ്രതികാര നടപടിയെന്നോണം തീവയ്ക്കുകയായിരുന്നു. 

മുന്‍പ് കടയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിയായ വിനോദാണ് ഇത് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. 150 രൂപയുടെ പെട്രോളും തീപ്പെട്ടിയും ഉപയോഗിച്ചാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. തീ പടർന്ന് 14-ഓളം കടകളിലെ 24 കോടി രൂപയോളം വിലമതിക്കുന്ന തുണിത്തരങ്ങൾ കത്തിനശിച്ചു.

ഈ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ 639 ാം നമ്പർ കടയിൽ മൂന്നുമാസത്തോളം അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു പ്രതി വിനോദ്. എന്നാല്‍ ജോലികള്‍ കൃത്യമായി ചെയ്യാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇയാള്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് ബാക്കിയായി നല്‍കാനുള്ള 10000 രൂപ തിരിച്ചു ചോദിപ്പോള്‍ കടയുടമ അപമാനിച്ചെന്നും ഇതില്‍ പ്രകോപിതനായാണ് കട കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9 മണിയായപ്പോഴാണ് പ്രതി സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് 5ാം നിലയിലെ സ്റ്റെയര്‍കേസിന് താഴെ ഒളിച്ചിരുന്നു. പിന്നീട് ആളുകളെല്ലാം പോയി എന്ന് ഉറപ്പാക്കിയതോടെ അവിടെ നിന്ന് മാറി ലക്ഷ്യസ്ഥാനത്തെത്തി വസ്ത്രങ്ങളില്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.തീ ആളിക്കത്തിയപ്പോള്‍ വിനോദ് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. തീ പൂർണ്ണമായും അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് മണിക്കൂറുകളോളം പരിശ്രമിക്കേണ്ടി വന്നു. സംഭവ സമയം പ്രതിയുടെ മുഖം വെള്ളത്തുണികൊണ്ട് മറച്ചിരുന്നു.

പിന്നീട് മൊബൈൽ ഫോൺ ഓഫ് ചെയ്ത ഇയാൾ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം രാജസ്ഥാനിലേക്കും പിന്നീട് അയോധ്യയിലേക്കും ഒളിവിൽ പോയി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം സൂറത്തിലേക്ക് തിരിച്ചെത്തിയ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.

ENGLISH SUMMARY:

Surat textile market fire reveals a revenge plot orchestrated by a disgruntled former employee. The incident, initially thought to be accidental, was revealed by CCTV footage to be an act of arson, resulting in significant financial losses.