മഹാരാഷ്ട്രയിലെ കോലാപുരിലുള്ള നന്ദനി ഗ്രാമത്തിൽ വീണ്ടും ആഹ്ലാദാരവം. തങ്ങളുടെ പ്രിയപ്പെട്ട ആന ‘മഹാദേവി’ എന്ന മാധുരി 409 ദിവസങ്ങൾക്ക് ശേഷം ഗുജറാത്തിലെ ജാംനഗറിലുള്ള വന്താര പുനരധിവാസ കേന്ദ്രത്തിൽ നിന്ന് സ്വസ്തിശ്രീ ഭട്ടാരക് പട്ടാചാര്യ മഹാസ്വാമി സംസ്ഥാൻ മഠത്തിലേക്ക് തിരിച്ചെത്തി. പുലർച്ചെ 1.30-ഓടെ എത്തിച്ചേർന്ന മാധുരിയെ നന്ദനി മഠാധിപതിയുടെ സാന്നിധ്യത്തിൽ പൂക്കളും മനോഹരമായ രംഗോലികളും കൊണ്ട് അലങ്കരിച്ചാണ് നാട്ടുകാർ വരവേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വന്താര പ്രതിനിധികളും മെഡിക്കൽ ജീവനക്കാരും അടങ്ങുന്ന 42 അംഗ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ആനയെ അതീവ സുരക്ഷിതമായി എത്തിച്ചത്.
1992 മുതൽ നന്ദനി മഠത്തിന്റെ ഭാഗമായ മാധുരി, മൂന്ന് പതിറ്റാണ്ടിലേറെയായി മഠത്തിലെ ആചാരങ്ങളുടെയും ഭക്തരുടെ ജീവിതത്തിന്റെയും ഭാഗമാണ്. 2023-ൽ പെറ്റ സംഘടന നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ സന്ധിവാതവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിർദേശപ്രകാരം രൂപീകരിച്ച ഉന്നതതല സമിതി 2025 ജൂലൈ 28-ന് മാധുരിയെ വന്താരയിലേക്ക് മാറ്റി.
ആനയെ മാറ്റിയതിൽ ജൈന സമുദായവും പ്രദേശവാസികളും കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് 'ഒരു വർഷത്തിനുള്ളിൽ മാധുരി പൂർണ ആരോഗ്യവതിയായി തിരിച്ചെത്തും' എന്ന അനന്ത് അംബാനിയുടെ വാഗ്ദാനമാണ് ഇപ്പോൾ നിറവേറ്റപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ മഠം വളപ്പിൽ സജ്ജമാക്കിയ ‘മാധുരി റസിഡൻസ്’ എന്ന പുതിയ ആധുനിക കേന്ദ്രവും ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും എച്ച്പിസി നേരിട്ട് പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് 2026 സെപ്റ്റംബർ 9-ന് മാധുരിയെ തിരികെ കൊണ്ടുവരാൻ അനുമതി നൽകിയത്.