elephant-konni

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പിടിയാന പാപ്പാനെ ചവിട്ടിക്കൊന്നു. കോന്നി സ്വദേശിയായ മോഹനൻ നായരാണ് മരിച്ചത്. ആനയുടെ തുമ്പിക്കൈയിലെ മുറിവ് പരിശോധിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രിയദർശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു ആക്രമണം. 

തീറ്റ കൊടുക്കുന്നതിനിടെ തുമ്പിക്കൈയിൽ കണ്ട മുറിവ് പരിശോധിക്കാൻ സമീപത്തേക്ക് ചെന്ന മോഹനൻ നായരെ പിടിയാന വലിച്ചടുപ്പിച്ചു. തുടർന്ന് തേറ്റകൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു എന്ന് ആനക്കൂട്ടിലെ മറ്റ് ജീവനക്കാർ പറഞ്ഞു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ മോഹനൻ നായരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തുവർഷത്തിലധികമായി കോന്നി എക്കോ ടൂറിസം സെന്ററിലെ പാപ്പാനാണ് മോഹനൻ നായർ. ആനയുടെ പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. 44 വർഷമായി ആനക്കൂട്ടിലുള്ള ആനയാണ് പ്രിയദർശിനി. കോന്നി ഡിവിഷനിൽ പാലക്കുഴിയിൽ നിന്ന് 1992ൽ വനം വകുപ്പിന് ലഭിച്ച ആനയാണ് പ്രിയദർശിനി. ഒട്ടേറെ സഞ്ചാരികളെത്തുന്ന കേന്ദ്രം കൂടിയാണ് എക്കോ ടൂറിസം സെന്‍റര്‍ എന്ന ആനക്കൂട്.

ENGLISH SUMMARY:

Female elephant attacked and killed its mahout in the Konni elephant camp in Pathanamthitta. The mahout, Mohanan Nair, was examining a wound on the elephant's trunk when it suddenly attacked him, leading to his death.