ഇന്ന് ഹിന്ദി ഭാഷാ ദിനം. ഭാഷയ്ക്ക് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ഡൽഹിയിലെത്തിയ എത്യോപ്യക്കാരന്‍ കാസിം മക്കായ്. ചോദ്യങ്ങള്‍ക്ക് ഹിറ്റ് ബോളിവുഡ് സിനിമ ഡയലോഗുകളിലൂടെയാണ് മറുപടി.
നാഷണല്‍ ക്രാഫ്റ്റ് മ്യൂസിയത്തില്‍ നടക്കുന്ന ബ്രിക്സ് ബസാറിലാണ് ഹിന്ദി പ്രേമിയായ എത്യോപ്യക്കാരന്‍ കാസിം മക്കായിയെ കണ്ടത്. ബോളിവുഡ് സിനിമകളോടുള്ള ഭ്രമമാണ് ഹിന്ദി പഠിക്കാനിടയാക്കിയത്. ഇതേ കുറിച്ച് ചോദിച്ചാല്‍ സ്വിച്ചിട്ടപോലെ വരും ഓം ശാന്തി ഓമിലെ ഷാരൂഖ് ഖാന്‍റെ ഡയലോഗ്. 'ഒരു കാര്യത്തെ പൂർണ മനസോടെ ആഗ്രഹിച്ചാൽ അത് നേടിത്തരാൻ ഈ ലോകം മുഴുവൻ കൂടെയുണ്ടാകും'.
ഹിന്ദി പഠിച്ചതോടെ സനിമകള്‍ കൂടുതല്‍ മനസിലാക്കാനായി. അത് തന്നില്‍ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും കാസിം മക്കായി പറയുന്നു. പ്രണയം, കുടുംബ ബന്ധങ്ങൾ, മുതിർന്നവരോടുള്ള ബഹുമാനം തുടങ്ങി സ്കൂളുകളിൽ നിന്ന് പഠിക്കാത്ത പല പാഠങ്ങളും ഉൾക്കൊണ്ടത് ഹിന്ദി സിനിമകളിൽ നിന്നാണ്. ബാഹുബലി പോലെയുള്ള സിനിമകളാണ് രാജ്യത്തെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും പഠിപ്പിച്ചത്.
നിരന്തരം സിനിമകൾ കാണുകയും അത് തർജ്ജമ ചെയ്യുകയും ചെയ്യുന്ന കാസിം അത്ഭുതപ്പെടുത്താറുണ്ടെന്ന് ഒപ്പമുള്ളവരും പറയുന്നു. ഇന്ത്യന്‍ ഭാഷകളും കലയും സംസ്കാരവും അതിരുകൾ കടന്ന് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്‍റെ ഉദാഹരണമാണ് കാസിം മക്കായ്.