'ദൃശ്യം' ഫ്രാഞ്ചൈസി ഇന്ന് ഇന്ത്യയൊട്ടാകെ പ്രചാരണം നേടിയ സിനിമ പരമ്പരയാണ്. മലയാളത്തില്‍ ആരംഭിച്ച് ഹിന്ദി അടക്കം വിവിധ ഭാഷകളില്‍ തരംഗം സൃഷ്ടിച്ച്, സിംഹള, ചൈനീസ്, ഇന്തൊനീഷ്യന്‍ ഭാഷകളില്‍ വരെ പുനര്‍നിര്‍മിക്കപ്പെട്ട ചിത്രം. മലയാളത്തില്‍ നിന്നും 'മോഹന്‍ലാല്‍ – ജീത്തു ജോസഫ്' കോമ്പോയുടെ ദൃശ്യം –3 പ്രേക്ഷകര്‍ കണ്ടതിനു പിന്നാലെ, ബോളിവുഡില്‍ നിന്നും ദൃശ്യം മൂന്നാം ഭാഗം തിയറ്ററിലേക്ക് എത്താനൊരുങ്ങുകയാണ്. മലയാളത്തിന്‍റെ റീമേക്കുകളായിരുന്നു ഇതുവരെ ഹിന്ദിയില്‍ അണിയിച്ചൊരുക്കിയതെങ്കില്‍, ഇനി ബി ടൗണില്‍ നിന്നുമെത്തുന്നത് പുതിയ കഥയും കഥാപാത്രങ്ങളുമെന്നു പറയുകയാണ് അണിയറ പ്രവര്‍ത്തകര്‍. അത് മലയാളത്തിന്‍റെ മോഹന്‍ലാല്‍ കാണണമെന്നും പറയുന്നു ദൃശ്യം ഹിന്ദി പതിപ്പിലെ നായകന്‍ അജയ് ദേവ്ഗണ്‍.
ഗോവയിൽ നടന്ന ദൃശ്യം–3 യുടെ ട്രെയിലർ ലോഞ്ചില്‍, ഒന്നും രണ്ടും ഭാഗങ്ങള്‍ പോലെ പുതിയ ഹിന്ദി പതിപ്പ് മലയാള സിനിമയുടെ റീമേക്ക് അല്ലെന്നു വ്യക്തമാക്കുകയാണ് അജയ് ദേവ്ഗൺ. രണ്ട് ചിത്രങ്ങൾക്കും തികച്ചും വ്യത്യസ്തമായ കഥയും തിരക്കഥകയുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി പതിപ്പ് ദൃശ്യം –3 വലിയൊരു വെല്ലുവിളിയാണെന്നു പറയുന്നു അജയ് ദവ്ഗണ്‍. 'മോഹന്‍ലാൽ സാറും സംവിധായകന്‍ ജീത്തു ജോസഫും ഒരുക്കിയ ആദ്യത്തേതും രണ്ടാമത്തേതും ദൃശ്യം പതിപ്പില്‍ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഹിന്ദിയിലും സിനിമ ഒരുക്കിയത്. പക്ഷേ, ദൃശ്യം –3 തികച്ചും വ്യത്യസ്തമായ തിരക്കഥയുള്ള ആദ്യ ചിത്രമാണ്. മലയാളം ദൃശ്യം-3 യില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഞങ്ങളുടെ സിനിമ. ചില മാറ്റങ്ങൾ വരുത്തിയെന്നല്ല, ദൃശ്യം –3 ഹിന്ദി മറ്റൊരു സിനിമതന്നെയാണ്. ലാൽ സാറും ജീത്തു ജോസഫും ഞങ്ങളുടെ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം, അവർക്ക് ഇത് ഇഷ്ടപ്പെട്ടാല്‍ അതൊരു അംഗീകാരമാണ്. അത് കൂടുതല്‍ സന്തോഷകരമാണ്. അതിനാൽ ദൃശ്യം–3 ലാൽ സാറിനെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', അജയ് ദേവ്ഗണ്‍ പറയുന്നു.
മലയാളത്തില്‍ ക്ലാസിക്കായി മാറിയ ദൃശ്യം പതിപ്പിലെ മൂന്നാം ഭാഗം 2026 മേയ് 21 നാണ് റിലീസ് ചെയ്തത്. മുന്‍ പതിപ്പുകളെ അപേഷിച്ച് ചിത്രം സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചെങ്കിലും 250 കോടിയോളം കളക്ഷന്‍ നേടി മലയാളത്തിലെ പണം വാരി ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചു. സമീപകാലത്ത് ദൃശ്യം – 4 ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, 'ദൃശ്യം– 3 കണ്‍ക്ലൂഷന്‍' എന്ന പേരില്‍ ഫ്രാഞ്ചൈസി അവസാനിക്കുന്നതിനുള്ള സൂചന നല്‍കിയാണ് ഹിന്ദി പതിപ്പ് എത്തുന്നത്. സ്റ്റാർ സ്റ്റുഡിയോ18, പനോരമ സ്റ്റുഡിയോസ് എന്നിവ ചേർന്ന് നിർമ്മിച്ച് അഭിഷേക് പഥകിന്‍റെ സംവിധാനത്തില്‍ ദൃശ്യം –3 ഹിന്ദി പതിപ്പ് ഒക്ടോബര്‍ രണ്ടിന് തിയറ്ററിലേക്ക് എത്തുകയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച 'ജോര്‍ജുകുട്ടി'യുടെ കുടുംബത്തിന്‍റെ കഥയാണ് ഫ്രാഞ്ചൈസി എങ്കില്‍, ഹിന്ദിയില്‍ അത് അജയ് ദേവ്ഗണ്‍ ജനകീയമാക്കിയ 'വിജയ് സൽഗോങ്കറി'ന്റെ കഥയാണ്.
ദൃശ്യം– 3 ഹിന്ദി പതിപ്പില്‍ തബു, ശ്രിയ ശരണ്‍ തുടങ്ങിയ പതിവ് താരനിരയ്ക്കൊപ്പം പ്രകാശ് രാജ്, ജയ്ദീപ് അഹ്ലാവത്ത് എന്നിവരും പുതിയ കഥാപാത്രങ്ങളായി എത്തുന്നു. ദൃശ്യം ഒന്നാം ഭാഗം ബോക്സോഫീസില്‍ 110 കോടിയും രണ്ടാം ഭാഗം 342 കോടി രൂപയും നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. മൂന്നാം ഭാഗം എത്തുമ്പോള്‍ ലോകമെമ്പാടുമായി പുതിയ കളക്ഷന്‍ റെക്കോര്‍ഡാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.