സിനിമയില്‍ തനിക്കിപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് പറയുകയാണ് നടി താപ്സി പന്നു. 2023ല്‍ ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ഡങ്കി എന്ന ചിത്രത്തിന് ശേഷം തനിക്ക് വലിയ കൊമേഴ്ഷ്യല്‍ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ വന്നില്ലെന്നും താപ്സി പറയുന്നു. സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കഴിവ് മാത്രം പോരെന്നും മറ്റ് പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വമ്പന്‍ ചിത്രങ്ങളില്‍ നായികയാകണമെങ്കില്‍ മാര്‍ക്കറ്റ് വാല്യൂവും സിനിമാ മേഖലയിലെ ബന്ധങ്ങളും അഭിവാജ്യ ഘടകങ്ങളാണെന്ന് താപ്സി പറഞ്ഞു. കഴിവിനേക്കാള്‍ ഇത് രണ്ടുമാണ് പ്രധാനം. അത്തരം സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ പലപ്പോഴും അപ്രധാനമാണെന്നും അവര്‍ പറയുന്നു.
തനിക്ക് ഇത് രണ്ടും കുറവാണെന്നും താപ്സി പന്നു വ്യക്തമാക്കി. ഇൻഡസ്ട്രിയിൽ ആവശ്യമായ ഇത്തരം ബന്ധങ്ങളിലും മാർക്കറ്റ് വാല്യൂവിലും താൻ പിന്നിലാണ്. തന്റെ കഴിവ് മാത്രം നോക്കിയാണ് സംവിധായകർ സിനിമകളിൽ അവസരം നൽകുന്നതെന്നും അവര്‍ പറഞ്ഞു. സംവിധായകൻ രാജ്കുമാർ ഹിറാനി തന്റെ മുൻകാല പ്രകടനങ്ങൾ കണ്ടതുകൊണ്ട് മാത്രമാണ് ഡങ്കിയിലേക്ക് വിളിച്ചതെന്നും എന്നാൽ സിനിമയിൽ കഴിവ് മാത്രം നോക്കി നടിമാരെ തിരഞ്ഞെടുക്കുന്ന സംവിധായകർ വളരെ കുറവാണെന്നും താരം കൂട്ടിച്ചേർത്തു.
'സാധാരണയായി ഒരു കൊമേഴ്ഷ്യല്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായ പ്രാധാന്യമില്ല. അതുകൊണ്ടുതന്നെ ഏത് നടിയാണ് ആ വേഷം അവതരിപ്പിക്കുന്നത് എന്നതൊന്നും പ്രശ്നമല്ല. നടി അവരുടെ ബജറ്റിന് ഓക്കെ ആകുകയും മാർക്കറ്റ് വാല്യൂവുമുണ്ടെങ്കിൽ നിര്‍മാതാക്കള്‍ ഉടൻ തന്നെ ആ നടിയെ അഭിനയിക്കാൻ വിളിക്കും. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു നടിയെ തിരഞ്ഞെടുക്കുന്ന കൊമേഴ്ഷ്യല്‍ സിനിമകൾ വളരെ കുറവാണ്..'- താപ്സി പറഞ്ഞു.