അമ്മമാരാകുന്ന നടിമാരോട് ഇന്ത്യന്‍ പ്രേക്ഷകരുടെ സമീപനം എങ്ങനെയാണ്? മുന്‍പാണെങ്കില്‍ വിവാഹം, പ്രസവം, കുടുംബം എന്നിവ ഒരു അഭിനേത്രിയെ സംബന്ധിച്ച് കരിയറിന്‍റെ അവസാനമായിരുന്നു. കാലം മാറിയപ്പോള്‍ ഇന്ന്, അമ്മമാരാകുന്ന നടിമാരോടും അവരുടെ തിരിച്ചുവരവും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരാണ് ഇവിടെയുള്ളത്. ഇത് പറയുന്നത് ബോളിവുഡ് താരം പരിണീതി ചോപ്രയാണ്. കരിയറില്‍ ഒരു ഇടവേളയ്ക്കു ശേഷം പരിണീതി ചോപ്ര പ്രധാന വേഷത്തിലെത്തുന്ന നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ സീരീസ് 'ഷേക്ക്: ട്രസ്റ്റ് നോ വണ്ണി'ന്‍റെ പ്രമോഷന്‍ വേളയിലാണ് മദര്‍ഹുഡിനെക്കുറിച്ചും കരിയറിനെക്കുറിച്ചും താരം വാചാലയായത്.
'മാതൃത്വത്തിന് ശേഷവും ഹിന്ദി സിനിമയിലെ മുൻനിര നടിമാർ ജോലി തുടരുന്നുണ്ട്. മാറിയ പ്രേക്ഷകർ ഇന്ന് അമ്മമാരെ തഴയുന്നില്ല'. ദീപിക പദുകോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചാണ് പരിണീതി വിശദീകരിച്ചത്. അവരെല്ലാം ഇപ്പോൾ കൂടുതൽ നന്നായിട്ടാണ് ജോലി ചെയ്യുന്നതെന്നും താരം പറഞ്ഞു.
'ആലിയ, ഞാൻ, ദീപിക, പടിഞ്ഞാറൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന എന്റെ സ്വന്തം സഹോദരി –പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെ ഞങ്ങളുടെ തലമുറയ്ക്ക് അമ്മമാരാകാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. അതിനു ശേഷവും അതേ നിലവാരത്തിലുള്ള ജോലി തുടരാനും കഴിയുന്നു. വാസ്തവത്തിൽ, ഞങ്ങൾ ഇപ്പോൾ കൂടുതൽ നന്നായി ജോലി ചെയ്യുന്നതായാണ് എനിക്ക് തോന്നുന്നത്', പരിണീതി പറഞ്ഞു.
മുൻകാലങ്ങളിലെ ചിന്താഗതികൾ കാരണം സിനിമയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന പഴയ തലമുറയിലെ താരങ്ങളെക്കുറിച്ചും പരിണീതി സംസാരിച്ചു. 'ഒരു തലമുറയ്ക്ക് ആ വില നൽകേണ്ടിവന്നത് സങ്കടകരമാണ്. ഒരുപക്ഷേ, അന്നത്തെ പ്രേക്ഷകര്‍ക്ക് അമ്മമാരെ കാണാൻ താല്‍പ്പര്യം തോന്നിയില്ലായിരിക്കാം, എനിക്കത് മനസിലാകുന്നില്ലെങ്കിലും അതായിരുന്നു യാഥാർത്ഥ്യം. ഒരു അമ്മയായതുകൊണ്ട് മാത്രം ജോലി നിർത്താൻ ഞാനിഷ്ടപ്പെടുന്നില്ല. ഒരു കുഞ്ഞിന് ജന്മം നൽകുന്ന മനോഹരമായ കാര്യം ചെയ്തതുകൊണ്ട്, എനിക്ക് ജോലി നഷ്ടുന്ന സാഹചര്യം വന്നാല്‍ ഞാന്‍ വിഷമിക്കും', പരിണീതി പറഞ്ഞു.
'പ്രേക്ഷകരിപ്പോൾ അമ്മമാരെ മാറ്റിനിര്‍ത്തുന്നില്ല. അതിനാല്‍ എഴുത്തുകാർക്കും സംവിധായകർക്കും നടന്മാർക്കും അതനുസരിച്ചുള്ള പ്രോജക്ടുകള്‍ ഒരുക്കാന്‍ കഴിയും. ഈ മേഖല മാറുന്നതിലും പ്രേക്ഷകർ ഇതെല്ലാം സാധ്യമാക്കിയതിലും സന്തോഷമുണ്ട്. അത് മനോഹരവും പോസിറ്റീവുമാണ്', പരിണീതി പറയുന്നു.
2011 ല്‍ നായികയായി ബോളിവുഡില്‍ തുടക്കം കുറിച്ച പരിണീതി, 2024 ല്‍ അമര്‍ സിംഗ് ചംകീലയിലാണ് അവസാനം അഭിനയിച്ചത്. കുഞ്ഞുണ്ടായശേഷം പരിണീതി പ്രധാന വേഷത്തിലെത്തി, റെൻസിൽ ഡിസിൽവ സംവിധാനം ചെയ്ത 'ഷാക്ക്: ട്രസ്റ്റ് നോ വൺ' സെപ്റ്റംബര്‍ 24 മുതല്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തട്ടിക്കൊണ്ടുപോയെ മകളെ തിരക്കിയുള്ള ഒരു അമ്മയുടെ പോരാട്ടമാണ് മിസ്ട്രി ത്രില്ലറായി ഒരുക്കിയിരിക്കുന്നത്.