Image: X, @MithilaWaaala

  • നേപ്പാളിലെ പ്രളയത്തിനു പിന്നാലെ ബിഹാറിലെ നദികളില്‍ രാക്ഷസമത്സ്യങ്ങള്‍. പിടിക്കുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും വിലക്കി സര്‍ക്കാര്‍

നേപ്പാളിലെ പ്രളയത്തിനു പിന്നാലെ അതിര്‍ത്തി നദികളിലൂടെ ബിഹാറിലേക്ക് ഒഴുകിയെത്തുന്ന മത്സ്യങ്ങള്‍ക്ക് അപൂര്‍വ രൂപവും വലുപ്പവുമെന്ന് റിപ്പോര്‍ട്ട്. ഇത്തരം വിചിത്രമായ രൂപത്തിലുള്ള മത്സ്യങ്ങളെ പിടിക്കുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും ഒഴിവാക്കണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേപ്പാളില്‍ നിന്നുമുള്ള പ്രളയജലം ഒഴുകിയെത്തുന്നത് പ്രധാനമായും ബിഹാറിലെ അതിര്‍ത്തി നദികളിലേക്കാണ്.

Also Read: 'മോദി ജി, നിങ്ങൾ എന്‍റെ ജീവിതം നരകതുല്യമാക്കി, എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല

കിഴക്കൻ-പടിഞ്ഞാറൻ ചമ്പാരൻ, ഗോപാൽഗഞ്ച്, ബഗഹ, സരൺ, സഹർസ തുടങ്ങിയ അതിർത്തി ജില്ലകളിൽ 27 മുതൽ 45 കിലോഗ്രാം വരെ തൂക്കമുള്ള വിചിത്രമായ മത്സ്യങ്ങള്‍ പ്രദേശവാസികൾ പിടികൂടിയിരുന്നു. ഈ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. വിചിത്ര മത്സ്യങ്ങളെ പാകം ചെയ്ത് കഴിച്ച ചില ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത് . ഈ പശ്ചാത്തലത്തിലാണ് വിചിത്രമത്സ്യങ്ങളെ പിടിക്കാന്‍ ശ്രമിക്കരുതെന്ന് ക്ഷീര-മത്സ്യ-മൃഗസംരക്ഷണ വകുപ്പ് മന്ത്രി നന്ദ് കിഷോർ റാം മുന്നറിയിപ്പ് നല്‍കുന്നത്. 

നേപ്പാളിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ബീഹാറിലെ ഗന്ധക് (നേപ്പാളിൽ നാരായണി), ഗംഗ, കോസി നദികളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. ഡോൾഫിനോട് സാദൃശ്യമുള്ളവയും അപൂർവ ഇനത്തിൽപ്പെട്ടതുമായ ബരാലി (വല്ലാഗോ കാറ്റ്ഫിഷ്), ഗോയിത (ഗൂഞ്ച് കാറ്റ്ഫിഷ്) തുടങ്ങിയ രാക്ഷസ മത്സ്യങ്ങളാണ് വെള്ളപ്പൊക്കത്തിനൊപ്പം ഒഴുകിയെത്തിയത്. ഈ പ്രളയജലത്തില്‍ അഴുകിയ മനുഷ്യ-മൃഗ ശരീരങ്ങളും മാലിന്യങ്ങളും കലർന്നിട്ടുണ്ട്. ഇതിലൂടെ രോഗാണുക്കളും വൈറസുകളും മത്സ്യങ്ങളിൽ പടരാൻ സാധ്യതയേറെയാണെന്ന് സര്‍ക്കാര്‍ പറയുന്നു.

കാര്യങ്ങള്‍ അറിയാതെ മത്സ്യം കഴിച്ചതിനു പിന്നാലെ ഛർദ്ദി, വയറിളക്കം, തലകറക്കം, വയറുവേദന, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ  അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അപരിചിതമായ തരത്തില്‍ മത്സ്യങ്ങള്‍ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ പ്രാദേശിക ഭരണകൂടത്തെയോ ജില്ലാ ഫിഷറീസ് ഓഫീസറെയോ വിവരമറിയിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.  

Bihar Issues Advisory Against Consuming Giant Fish Floating In From Nepal Floods:

Following recent floods in Nepal, unusually large and oddly shaped fish species are washing into Bihar's border rivers through floodwaters. Residents in border districts like Champaran, Gopalganj, and Saharsa have captured massive fish, including Barali and Gooch catfishes, weighing between 27 and 45 kilograms. The Bihar government has issued an urgent health advisory urging people not to catch, sell, or consume these fish due to contamination risks from flood debris, sewage, and decaying matter. Individuals experiencing symptoms like vomiting, diarrhea, or breathing difficulties after eating these fish are advised to seek immediate medical attention and report unusual catches to local authorities