ദുരന്തം വിതയ്ക്കുന്ന ഒരുകൂട്ടം കാരണങ്ങൾ ഒത്തുവന്നതാണ് നേപ്പാളിന് മേൽ മഞ്ഞുമലയായി ഇടിഞ്ഞുവീണത്. ഒരു രാജ്യവും ലോകവും പ്രകൃതിയുടെ സംഹാരശക്തിക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. നൂറുകണക്കിനു പേർ മരിച്ചു, ആയിരങ്ങളെ കാണാനില്ല. ഗ്രാമങ്ങൾ, ചെറുപട്ടണങ്ങൾ, പന്ത്രണ്ട് ജലവൈദ്യുത പദ്ധതികളും ഡാമുകളും, റോഡ്, പാലം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും പ്രളയത്തിൽ തകർന്നു. ചില ഗ്രാമങ്ങളപ്പാടെ തുടച്ചുനീക്കിയാണ് ത്രിശൂലി നദിയിലൂടെ വെള്ളവും ചെളിയും പാറക്കല്ലുകളും ഒഴുകിവന്നത്.
എന്താണുണ്ടായത്?
ഓഗസ്റ്റ് 26-ാം തീയതി പ്രാദേശിക സമയം രാവിലെ 8.37-നാണ് ഭൂമികുലുക്കത്തിലെന്നപോലെ നേപ്പാളും ടിബറ്റിന്റെ ചില ഭാഗങ്ങളും കുലുങ്ങിയത്. യുഎസ് സർക്കാരിനു കീഴിലെ ജിയോളജിക്കൽ സർവേയുടെ ഓട്ടോമാറ്റിക് ഭൂകമ്പ മോണിറ്ററിങ് സംവിധാനം റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂമികുലുക്കം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു.
എന്നാൽ, പിന്നീടാണ് കൂറ്റൻ മഞ്ഞുപാളിയും മലയുടെ ഭാഗങ്ങളും ഇടിഞ്ഞുവീണതിനെത്തുടർന്നുണ്ടായ കുലുക്കമാണ് അനുഭവപ്പെട്ടതെന്ന് വെളിപ്പെടുന്നത്. ഹിമാലയൻ മലനിരകൾക്കിടയിൽ രൂപമെടുത്ത മഞ്ഞുതടാകം (ഗ്ലേഷ്യർ ലേക്ക്) മഞ്ഞുരുകുന്നതിന്റെ കൂടി ഭാഗമായി താഴേക്ക് പതിക്കുകയായിരുന്നു.
മഞ്ഞും വെള്ളവും മണ്ണും ചെളിയും പാറക്കല്ലുകളും എല്ലാം ചേർന്ന ഒരു തടാകവും മഞ്ഞുമലയും അപ്പാടെയാണ് 7000 അടി താഴ്ചയിലേക്ക് ഇടിഞ്ഞിറങ്ങിയത്. 2000 അടിയെങ്കിലും വീതിയുണ്ടായിരുന്ന മഞ്ഞുതടാകമാണ് തകർന്നത്. ബോതേ കോഷി നദിയുടെ കൈവഴിയായ ലെഹ്ൻഡെ ഖോലാ നദിയിലേക്കാണ് ഇതെല്ലാം വന്നുപതിച്ചത്. വീഴ്ചയുടെ ആഘാതം, വന്നുചേർന്ന മഞ്ഞിന്റെയും വെള്ളത്തിന്റെയും മറ്റു വസ്തുക്കളുടെയും അളവ് ഭീമമായിരുന്നു.
ഇതെല്ലാം ചേർന്നപ്പോൾ മലയിടുക്കിലൂടെ അതിദ്രുതം പതഞ്ഞൊഴുകിയ നദിയപ്പാടെ ഒരു സുനാമിത്തിരയുടെ ഭീകരരൂപം കൈക്കൊണ്ട് ചുറ്റുമുള്ളതിനെയെല്ലാം തകർത്തെറിഞ്ഞ് പാഞ്ഞടുക്കുകയായിരുന്നു. പുഴയുടെ വഴിയിലുള്ളതെല്ലാം നശിച്ചു. മനുഷ്യനുൾപ്പെടെ ജീവജാലങ്ങളെ ഒന്നും ബാക്കിവയ്ക്കാതെയാണ് പ്രളയജലം വൻതിരയായി വന്നത്. മണിക്കൂറിൽ 190 കിലോമീറ്ററോളം വേഗത്തിലാണ് വെള്ളവും മണ്ണും പാറയും ഒഴുകിയെത്തിയത്.
എന്താണ് മിന്നൽപ്രളയം?
ഈ മഴക്കാലത്ത് കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ പെട്ടെന്നുള്ള അതിതീവ്രമഴ, പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നത്, വെള്ളത്തിന് ഒഴുകാനിടമില്ലാതെ ജനവാസമേഖലകളിലേക്ക് പരക്കുന്നത് എന്നിവ വളരെ വിശദമായി ചർച്ചചെയ്യപ്പെട്ടതാണ്. പെട്ടെന്ന് പെയ്യുന്ന അതിശക്തമായ മഴയാണ് മിന്നൽപ്രളയത്തിന് വഴിയൊരുക്കുന്നതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
എന്നാൽ, ഹിമാലയം ഉൾപ്പെടെ ഉയർന്നതും മഞ്ഞുനിറഞ്ഞതുമായ പർവതങ്ങളിൽ മഞ്ഞുരുകുന്നതും ഭൂമികുലുക്കത്തിൽ ഉരുൾപൊട്ടുന്നതുമെല്ലാം മിന്നൽപ്രളയങ്ങൾക്ക് വഴിയൊരുക്കും. മലയിടുക്കുകളിലൂടെ അതിവേഗത്തിൽ ഒഴുകുന്ന നദികളിലേക്ക് മഞ്ഞും വെള്ളവും പാറയും വൻ ആഘാതത്തിൽ വന്നുപതിച്ചാലുണ്ടാകുന്ന ദുരന്തത്തിന്റെ ഭീകരതയാണ് ഇന്ന് നേപ്പാൾ കാണിച്ചുതരുന്നത്.
കാലാവസ്ഥാമാറ്റം, ആഗോളതാപനം
കാലാവസ്ഥ മാറി, ഭൂമിക്ക് ചൂടുകൂടുന്നു; ഈ രണ്ടു കാര്യങ്ങളും പറഞ്ഞും കേട്ടും ഏതാണ്ട് അർഥം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. പക്ഷേ, അവ ഭൂമിയുടെയും മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനെ തകിടംമറിക്കുന്ന യാഥാർഥ്യമായി അവശേഷിക്കുന്നു. കടുത്ത ചൂട്, അതിലുരുകുന്ന മഞ്ഞ്, അതിതീവ്രമഴ, നിറയുന്ന തടാകങ്ങളും പുഴകളും, തീവ്രമായ മഞ്ഞുകാലം, ചിലപ്പോൾ മഞ്ഞുകാലത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ച് നീണ്ടുനിൽക്കുന്ന വേനൽ... ഇങ്ങനെ ഹിമാലയം നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്.
പാരിസ്ഥിതികമായി ലോലവും ലോകത്തിന്റെയാകെ കാലാവസ്ഥയെയും പ്രകൃതിയുടെ നിലനിൽപ്പിനെത്തന്നെയും സ്വാധീനിക്കുകയും ചെയ്യുന്ന ഹിമാലയത്തിലും പസഫിക് സമുദ്രത്തിലും ധ്രുവപ്രദേശങ്ങളിലും കാലാവസ്ഥ മാറുമ്പോൾ എന്തുണ്ടാകുമെന്ന് കാണിച്ചുതരികയാണ് നേപ്പാളും ടിബറ്റും.
വികസന ഭീകരത
ഏകദേശം ആയിരത്തോളം തൊഴിലാളികൾക്കായുള്ള തിരച്ചിലിലാണ് നേപ്പാളിലെ സുരക്ഷാസേനകൾ. പ്രളയജലം ഇരച്ചെത്തിയപ്പോൾ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ കുടുങ്ങിയവരാണ് ഇവരിലേറെയും. 12 പദ്ധതികളാണ് നേപ്പാളിലെ രസുവ–നുവാക്കോട്ട് പ്രദേശത്തുമാത്രമായി ഉള്ളത്.
ഏകദേശം 700 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉൽപാദിപ്പിച്ചിരുന്നു. ഹിമാലയൻ-ഹിന്ദുകുഷ് മലനിരകളിലായി ചൈന എന്തെല്ലാം വികസന പദ്ധതികൾ പണിതു? ഇപ്പോഴും പണിയുന്നുണ്ടോ? ആർക്കും വ്യക്തതയില്ല.
ടിബറ്റ് കൈപ്പിടിയിലൊതുക്കിയതുപോലും വികസനവും ഖനനവും എല്ലാം മുന്നിൽക്കണ്ടുകൊണ്ടാണെന്ന ആരോപണം ചൈനയ്ക്കുനേരെ മുൻപും ഉയർന്നിരുന്നു. കൃത്യമായ വിവരങ്ങൾ ചൈന കൈമാറുന്നില്ലെന്ന പരാതി നേപ്പാൾ നേരത്തേതന്നെ ഉന്നയിച്ചിരുന്നു.
അപകടത്തിന്റെ മലമ്പാതകൾ
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള വേനൽമാസങ്ങളിലാണ് നേപ്പാളിലും ടിബറ്റിലും ഇന്ത്യയിലുമെല്ലാം ഹിമാലയത്തിലേക്കുള്ള ട്രെക്കിങ്ങും വിനോദസഞ്ചാരവും ഉച്ചസ്ഥായിയിലെത്തുക. നമ്മുടെ ഹിമാചൽ പ്രദേശ്, കശ്മീർ, ഉത്തരാഖണ്ഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും പലതവണ മിന്നൽപ്രളയവും മണ്ണിടിച്ചിലും അപകടങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
അവ ഹിമാലയൻ പ്രദേശങ്ങൾക്കാകെയുള്ള മുന്നറിയിപ്പായിരുന്നു. ഇപ്പോൾ നേപ്പാളിലുണ്ടായതാകട്ടെ സമാനതകളില്ലാത്ത ദുരന്തവും. കൃഷി മുതൽ വിനോദസഞ്ചാരം വരെ പർവതപ്രദേശങ്ങളിലെ സമസ്ത ജീവിതമേഖലകളെയും കാലാവസ്ഥാമാറ്റം ബാധിച്ചുകഴിഞ്ഞു. ദൈനംദിന ജീവിതവും മുന്നോട്ടുള്ള പ്രയാണവും മലയോര ജനതയെ സംബന്ധിച്ച് ഉത്തരമില്ലാത്ത ചോദ്യങ്ങളായി മാറുകയാണ്.