കഴിഞ്ഞയാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തിന്റെ ആഘാതത്തിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് വിവിധ നദികളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. പിന്നാലെയാണ് വിവിധ ജില്ലകളിൽ നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രസുവ (Rasuwa), നുവാകോട്ട് (Nuwakot), ധേഡിംഗ് (Dhading), ഗോർഖ (Gorkha), തനാഹുൻ (Tanahun), നവൽപരാസി (Nawalparasi), ചിത്വാൻ (Chitwan) ജില്ലകളിലെ നദീതീരങ്ങളിൽ താമസിക്കുന്നവർക്കാണ് മുന്നറിയിപ്പ് നല്‍കിയത്. സാധാരണ ജലനിരപ്പിൽ നിന്നും 80 മീറ്ററോളം ഉയരത്തിലാണ് ചില നദികളിലെ ജലനിരപ്പ്. ആവർത്തിച്ചുള്ള പ്രളയ മുന്നറിയിപ്പുകൾ ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം, നേപ്പാളിൽ മിന്നൽ പ്രളയം നാശം വിതച്ച് ഒരാഴ്ച പിന്നിടുമ്പോഴും നാലായിരത്തോളം പേർ കാണാമറയത്താണ് 930 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അടിഞ്ഞുകൂടിയ മണ്ണു നീക്കം ചെയ്യാൻ സാധിക്കാത്തതും മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതും രക്ഷാദൗത്യം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. 275 ഇന്ത്യക്കാരെ കുറിച്ച് ഇപ്പോഴും വിവരമില്ല. തിരച്ചിലിന് നേപ്പാൾ സർക്കാർ കൂടുതൽ വിദേശ സഹായം തേടി. സിങ്കപ്പൂരും ദക്ഷിണ കൊറിയയും അടക്കമുള്ള രാജ്യങ്ങൾ വരും ദിവസങ്ങളിൽ രക്ഷാപ്രവർത്തകരെ അയക്കും. തിരച്ചിലിനേക്കൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ക്ഷേമത്തിനാണ് ഇപ്പോൾ സർക്കാർ മുൻഗണന നൽകുന്നത്. രോഗങ്ങൾ പടർന്നുപിടിക്കുന്നതും മരുന്നുൾപ്പെടെ അവശ്യ വസ്തുക്കളുടെ ക്ഷാമവും പുതിയ വെല്ലുവിളിയാണ്.
ഇതിനിടെ നേപ്പാളില്‍ നിന്നുള്ള പ്രളയജലം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ബിഹാറിലെ ജഹാനബാദില്‍ വെള്ളപ്പൊക്കമുണ്ടായി. ദര്‍ധ നദി കരകവിഞ്ഞതോടെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. 1500 വീടുകളിലും ഹെക്റ്റര്‍ കണക്കിന് കൃഷിയടങ്ങളിലും വെള്ളംകയറി. മദ്രൗനി പഞ്ചായത്തിനെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലും സമീപപ്രദേശങ്ങളിലും വെള്ളംകയറി. വാരാണസിയില്‍ പല ഘാട്ടുകളും ഇപ്പോഴും വെള്ളത്തിലാണ്. മധ്യപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന ചിത്രകൂടില്‍ പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനജീവിതം സാധാരണ നിലയില്‍ ആവാന്‍ സമയമെടുക്കും.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 17 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ഉത്തർപ്രദേശിലെ ഗണ്ഡക് നദിയിൽനിന്ന് കണ്ടെത്തിയത്. കുശിനഗർ ജില്ലയിലെ ഖഡ്ഡ, തമ്കുഹി രാജ് തഹസിൽ മേഖലകളിൽനിന്ന് 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മഹാരാജ്ഗഞ്ചിലെ നിച്‌ലൗൾ മേഖലയിൽനിന്ന് നാലുമൃതദേഹങ്ങളും ലഭിച്ചു. നാലുമൃതദേഹങ്ങൾ തിങ്കളാഴ്ച നേപ്പാൾ അധികൃതർക്ക് കൈമാറി. മൃതദേഹങ്ങളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. ബന്ധുക്കളെ കണ്ടെത്തുന്നതിനായി വിവരങ്ങൾ നേപ്പാൾ അധികൃതരുമായി പങ്കിടും. കുശിനഗറിൽനിന്ന് കണ്ടെത്തിയ ആറുമൃതദേഹങ്ങൾ ഇന്ന് കൈമാറും. ഗണ്ഡക് നദിയിലും സമീപപ്രദേശങ്ങളിലും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.