പ്രതിപക്ഷ ഉപനേതാവ് പദവിയെചൊല്ലി സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന സിപിഐ കടുത്ത തീരുമാനത്തിലേക്ക്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണമെന്ന് ആലോചനകൾ സിപിഐയിൽ സജീവമായി. ഇതോടെ ഇന്ന് ഡൽഹിയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തേക്കും. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ കൂടി പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ പാർട്ടിയുടെ ഭാവി നീക്കങ്ങളും ചർച്ചയാകും.
പ്രത്യേക ബ്ലോക്ക് ആകാന്‍ ആലോചനയെന്ന റിപ്പോര്‍ട്ടിനെ തള്ളാതെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെയും പ്രതികരണം. ‘സിപിഐയ്ക്ക് ഇപ്പോള്‍ അറിയില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത് . എല്‍ഡിഎഫിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ടതാണ് ചോദിച്ചതെന്നാണ് സിപിഐ നേതാവ് കെ.രാജന്‍ പ്രതികരിച്ചത്. പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമോയെന്ന് നോക്കാമെന്നും എല്‍ഡിഎഫ് ഭിന്നിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപ നേതാവിന്‍റെ പേര് താൻ എഴുതി നൽകിയാൽ അത് സിപിഎം നേതാവായിരിക്കുമെന്ന പിണറായി വിജയന്‍റെ പരാമർശവും ദേശാഭിമാനി വഴി സി.എൻ.മോഹനനെ ഉപയോഗിച്ച് സിപിഐയെ കടന്നാക്രമിച്ചതും പാർട്ടിയുടെ അഭിമാനത്തിന് അടിയാണെന്നാണ് സിപിഐയിലെ ചർച്ച. പാർട്ടി പത്രം വഴി പോലും സിപിഐയെ പരിഹസിക്കുന്ന സിപിഎമ്മിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നതാണ് സിപിഐ നിലപാട്. അതിനാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയിട്ടിരിക്കണമെന്ന് തീരുമാനം വന്നാൽ അത് മുന്നണി ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാകും. നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിലും സിപിഐയുടെ നിലപാട് ചർച്ചയാകും.