ഇന്ത്യക്കാര്‍ വെറുതെ കറങ്ങി നടക്കാന്‍ വിദേശത്ത് പോകുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹങ്ങള്‍ വിദേശത്ത് നടത്തുന്നതും ഒഴിവാക്കണം. 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന മന്ത്രം ഉൾക്കൊണ്ട് ജീവിക്കണം. അത്യാവശ്യമില്ലെങ്കിൽ സ്വർണ്ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു. ഇന്ത്യ 7.8 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിച്ചതിലെ ആഹ്ലാദം പങ്കുവച്ചുള്ള ഇന്‍സ്റ്റഗ്രാം വിഡിയോയിലാണ് മോദിയുടെ വാക്കുകള്‍.
‘ലോകം യുദ്ധത്തിൽ മുങ്ങിയിരിക്കുകയാണ്. സപ്ലൈ ചെയിൻ പൂർണ്ണമായും തകർന്നു. 2020-ലെ കോവിഡ് കാലം മുതൽ ഇതുവരെ ഒരുമേഖലയും സ്ഥിരത കൈവരിച്ചിട്ടില്ല. ഇത്ര കടുത്ത പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ വലിയ സാമ്പത്തിക വളര്‍ച്ച കൈവരിച്ചത്. ഇത് നിലനിര്‍ത്താന്‍ ജനങ്ങള്‍ സ്വദേശി മന്ത്രം ഉരുവിട്ട ്ജീവിക്കണം.’ ജനങ്ങളുടെ കഠിനാധ്വാനവും കൂട്ടായ പ്രയത്നവും ഇച്ഛാശക്തിയുമാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഗോള പ്രതിസന്ധികള്‍ ഒരുഭാഗത്ത്. മറുവശത്ത് ഇന്ത്യയില്‍ നിരാശയുടെ പടുകുഴിയിൽ വീണ ആളുകൾ വ്യാജപ്രചാരണങ്ങളിലൂടെ എല്ലായിടത്തും നിരാശ പടർത്താനുള്ള ശ്രമത്തിലാണെന്ന് മോദി ആരോപിച്ചു. അതും അതിജീവിച്ചാണ് രാജ്യം 7.8% വളർച്ച കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വളര്‍ച്ചാവേഗം നിലനിര്‍ത്തണം. നമുക്ക് മുന്നേറുകയും വേണം, അതിനായി രാജ്യം സ്വയംപര്യാപ്തമാകേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു..
സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ യുവതലമുറയ്ക്ക് വികസിതഭാരതം കൈമാറാന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പ്രതീക്ഷ പങ്കുവച്ചു. 'നാം സ്വദേശിക്ക് അങ്ങേയറ്റം പ്രാധാന്യം നൽകിയാല്‍, സ്വയംപര്യാപ്തതയ്ക്ക് വലിയ പ്രാധാന്യം നൽകിയാല്‍, സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യന്‍ യുവതയ്ക്ക് വികസിത ഭാരതം കൈമാറാന്‍ കഴിയും. നമ്മുടെ യുവതലമുറയുടെ സ്വപ്നങ്ങൾ നമ്മുടെ കഠിനാധ്വാനത്തിലൂടെ സാക്ഷാത്കരിക്കുക തന്നെ ചെയ്യും' – പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ നയം കൃത്യമാണെന്നും ഉദ്ദേശം ശുദ്ധമാണെന്നും 140 കോടി ജനങ്ങളുടെ കരുത്ത് ചേരുമ്പോള്‍ രാജ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.