പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളെയും ആഗോളതലത്തിലുള്ള ഇടപെടലുകളെയും പ്രശംസിച്ച് നടന്‍ ടിനി ടോം. പ്രധാനമന്ത്രിയുടെ ഇടപെടൽ കാരണം വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗാലറി വിഷൻ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ടിനി ടോം തുറന്നുപറഞ്ഞത്.
'ഭരണാധികാരി എന്ന നിലയില്‍ മോദി ജിയോടാണിഷ്ടം. കാരണം പല രാജ്യങ്ങളില്‍ ചെല്ലുമ്പോഴും അവിടങ്ങളിലുള്ള മലയാളികളുമായി സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലം പല മാറ്റങ്ങള്‍ അവിടങ്ങളില്‍ സംഭവിച്ചതായി മനസിലാക്കാം. ആ തരത്തില്‍ മോദിജി നമുക്ക് അഭിമാനമാണ്. പക്ഷെ ഞാന്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവര്‍ ആണ്. കാരണം കോണ്‍ഗ്രസുകാരന്‍ ആയിരുന്നല്ലോ, ആണ്'– ടിനി പറഞ്ഞു.
തന്‍റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും പക്ഷേ ഒരു പാര്‍ട്ടി ചെയ്യുന്നത് മാത്രം ശരിയാണെന്ന് പറയുന്നത് അന്ധവിശ്വാസമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് അടുത്ത സുഹൃത്തുക്കളുണ്ട്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറിനെ ഞാന്‍ വളരെയധികം പ്രശംസിക്കാറുണ്ട്. തന്‍റെ സുഹൃത്ത് അമൃത ആശുപത്രിയിലെ രോഗിക്കായി ഭക്ഷണത്തിന്‍റെ ആവശ്യം പറഞ്ഞിരുന്നു. ഡിവൈഎഫ്ഐക്കാരനായ ഒരു സുഹൃത്തിനോട് ഈ വിവരം ഞാന്‍ പറഞ്ഞിരുന്നു. 100 ദിവസമാണ് അവര്‍ ആ രോഗിക്ക് ഭക്ഷണം കൊടുത്തത്'- ടിനി വിശദീകരിച്ചു.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'ഓട്ടം തുള്ളലാ'ണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ടിനിയുടെ ചിത്രം. ബിനു ശശിറാം ആണ് ഇതിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.