Image: x.com/GemsOfRailway

ഇന്ത്യന്‍ റെയില്‍വേയില്‍ എസി കോച്ചുകളില്‍ നല്‍കുന്ന ബെഡ്ഷീറ്റുകൾ കാണാതാകുന്നതും മോഷണം പോകുന്നതും കാലാകാലങ്ങളായുള്ള റെയില്‍വേയുടെ തലവേദനയാണ്. ഇപ്പോളിതാ, മൂന്ന് യുവാക്കൾ റെയിൽവേയുടെ വെള്ള ബെഡ്ഷീറ്റുകൾ പുതച്ച് റോഡരികില്‍ കടയ്ക്ക് സമീപം നിൽക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെസ്റ്റേൺ  റെയിൽവേയുടെ ലോഗോയോടുകൂടിയ ബെഡ്ഷീറ്റുകളാണ് ഇവര്‍ മേല്‍വസ്ത്രമായി ധരിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ ഓൺലൈനിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

'വെസ്റ്റേൺ റെയിൽവേ' എന്ന് വ്യക്തമായി എഴുതിയിരിക്കുന്ന ബെഡ്ഷീറ്റുകളാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ജെംസ് ഓഫ് റെയിൽവേ' എന്ന അക്കൗണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മാത്രമല്ല, വിമർശനവുമായി ഒട്ടേറെപ്പേരാണ്  വിഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘സിവിക് സെന്‍സില്ലേ’ (പൗരബോധം) എന്നതാണ് വിഡിയോക്ക് താഴെ വരുന്ന പ്രധാന കമന്‍റ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകണമെന്നും റെയിൽവേയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ അധികൃതർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആളുകള്‍ പറയുന്നു.

വിവിധ റെയിൽവേ ഡിവിഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ്  വർഷം തോറും നഷ്ടപ്പെടുന്നതെന്നും പോസ്റ്റില്‍ പറയുന്നു. വിവരാവകാശരേഖ പ്രകാരം ലഭിച്ച കണക്കുകളും പോസ്റ്റിലുണ്ട്. 2022 ജനുവരി മുതൽ 2026 മെയ് വരെ 1.27 കോടിയിലധികം ബെഡ്‌റോൾ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായും ഇത് 104.51 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയതായും പോസ്റ്റ് പറയുന്നു. 46.54 ലക്ഷം ഫേസ് ടവലുകൾ, 41.13 ലക്ഷം ബെഡ്ഷീറ്റുകൾ, 23.59 ലക്ഷം തലയിണ കവറുകൾ, 12.95 ലക്ഷം പുതപ്പുകൾ, 2.76 ലക്ഷം തലയിണകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.

അതേസമയം, വിഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തും ചില കമന്‍റുകള്‍ എത്തുന്നുണ്ട്. പുതപ്പുകള്‍ നല്‍കുന്ന റെയില്‍വേയുടെ ജീവനക്കാരെയും പരിശോധിക്കണമെന്നും. അവർ ബെഡ്ഷീറ്റുകൾ മോഷ്ടിച്ച് യാത്രക്കാരുടെ പേര് റിപ്പോർട്ട് ചെയ്യുകയാണെങ്കിലോ എന്നാണ് ഇത്തരത്തില്‍ ഉയര്‍ന്ന അഭിപ്രായം. പുതപ്പ് ധരിച്ച് നില്‍ക്കുന്നവര്‍ യാത്രക്കാരാണെന്ന് എന്താണ് ഉറപ്പ്? റെയില്‍വേയുടെ തന്നെ ജീവനക്കാരാണെങ്കിലോ? എന്നിങ്ങനെയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ENGLISH SUMMARY:

A viral video has emerged showing three youths wearing official Western Railway bedsheets as garments while standing near a roadside shop. This incident highlights the ongoing issue of railway property theft, which results in massive financial losses annually. According to Right to Information data cited in the report, over 1.27 crore bedroll items worth more than 104.51 crore rupees were stolen between January 2022 and May 2026. While social media users have expressed outrage over the apparent lack of civic sense, some commenters have questioned whether railway staff might be involved in the losses.