Image: instagram.com/karga_tinkle_gongo/

രൂപത്തിന്‍റെ പേരിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ വിദേശികളെന്ന് വിളിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെയുള്ള അടുത്തിടെയാണ് ഒരു നാല് വയസ്സുകാരിയുടെ മറുപടിയുമായെത്തിയത്. അരുണാചൽ പ്രദേശിലെ ഇറ്റാനഗർ സ്വദേശിനിയായ കാർഗ ടിങ്കിൽ ഗോംഗോ എന്ന കൊച്ചുപെൺകുട്ടിയാണ് തങ്ങളുടെ ഇന്ത്യൻ സ്വത്വം വ്യക്തമാക്കി ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. പിന്നാലെ ധാരാളെ പേര്‍ വിഡിയോ ഏറ്റെടുക്കുകയും കുട്ടിക്ക് പിന്തുണയുമായി എത്തുകയും ചെയ്തു. ഇപ്പോള്‍ തനിക്ക് ലഭിച്ച പിന്തുണയ്ക്ക് വീണ്ടും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അതേ നാലുവയസുകാരി. ‘ഞങ്ങളിപ്പോള്‍ ഇന്ത്യക്കാരായി’ എന്നാണ് പുതിയ വിഡിയോയില്‍ കുട്ടി പറയുന്നത്.

ഐസ്ക്രീം വാങ്ങുന്നതിനിടയിൽ അമ്മ പകർത്തിയ ഒരു വിഡിയോ ഓൺലൈനിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവ് ‘എന്തിനാണ് ഈ ചൈനീസ് കുട്ടി ഹിന്ദി സംസാരിക്കുന്നത്?’ എന്ന തരത്തിലുള്ള ചോദ്യവുമായി കമന്‍റ് ചെയ്യുകയായിരുന്നു. ഈ കമന്‍റിനെക്കുറിച്ചറിഞ്ഞതോടെ കുട്ടി കടുത്ത വിഷമത്തിലാവുകയും, തങ്ങൾ ചൈനക്കാരല്ലെന്നും ഇന്ത്യക്കാരാണെന്നും വ്യക്തമാക്കി രംഗത്തുവരികയും ചെയ്തു.

‘ഞങ്ങളെ ചൈനക്കാരെന്ന് വിളിക്കരുത്, ഇന്ത്യക്കാരെന്ന് വിളിക്കൂ. ഞങ്ങൾ ഇന്ത്യയുടെ ഭാഗമാണ്, ഞങ്ങൾ ഇറ്റാനഗറിലാണ് ജീവിക്കുന്നത്’– കുട്ടി ഉറച്ച ശബ്ദത്തിൽ വിഡിയോയിലൂടെ പറയുന്നു. തങ്ങളെ വിദേശികളായി ചിത്രീകരിക്കുന്നതിനെതിരെയുള്ള കുട്ടിയുടെ ചോദ്യം രാജ്യത്തുടനീളം വലിയ ചർച്ചയാകുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾ തങ്ങളുടെ പൗരത്വവും സ്വത്വവും സംബന്ധിച്ച് നിരന്തരം നേരിടേണ്ടി വരുന്ന ചോദ്യങ്ങളിലേക്കാണ് സംഭവം വെളിച്ചം വീശുന്നത്.

കുട്ടിയുടെ നിഷ്കളങ്കവും എന്നാൽ ശക്തവുമായ ഈ പ്രതികരണത്തെ പ്രശംസിച്ച് നിരവധി പ്രമുഖരും പൊതുജനങ്ങളും ഇതിനോടകം രംഗത്തെത്തി. പിന്നാലെയാണ് തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു വിഡിയോ കുട്ടിയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ‘അഭി ഹം ഇന്ത്യ ഹോഗയേ’ (ഇപ്പോൾ ഞങ്ങൾ ഇന്ത്യക്കാരായി) എന്ന് ചിരിച്ചുകൊണ്ട് പറയുന്ന വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ എല്ലാവരും നിന്നെ ഇന്ത്യയുടെ കുഞ്ഞ് എന്നാണ് വിളിക്കുന്നതെന്ന് കുട്ടിയോട് അമ്മ പറയുന്നതും വിഡിയോയില്‍ കാണാം. തുടര്‍ന്ന് കുട്ടി എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു. സംഭവത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ കുട്ടിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 82,000 കടക്കുകയും ചെയ്തു.

ENGLISH SUMMARY:

A four-year-old girl from Arunachal Pradesh has gone viral after responding fiercely to online racist remarks labeling her as Chinese. Kargi Tinkle Gongo firmly asserted her Indian identity in a video, stating that she and her family live in Itanagar and are proud citizens of India. The incident has sparked widespread national discussions regarding the xenophobia and discrimination faced by people from northeastern states. Following the overwhelming support she received on social media, her follower count surged past eighty-two thousand.