Image Credit: instagram/safecars
രാത്രിയില്‍ നടുറോഡിലേക്ക് ഇഴഞ്ഞെത്തിയ കുട്ടിക്ക്, കാര്‍ ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ അദ്ഭുതരക്ഷ. നോയ്ഡ സെക്ടര്‍ 69ല്‍ ജൂലൈ 31ന് ഉണ്ടായ സംഭവത്തിന്‍റെ ഡാഷ്ക്യാം വിഡിയോയാണ് പുറത്തുവന്നത്. കാര്‍ വളവ് തിരിഞ്ഞ് കയറി വരുന്നതിനിടയിലാണ് ചെറിയ കുട്ടി റോഡിലേക്ക് കയറുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയെ കണ്ടതും കാര്‍ ഡൈവര്‍ കാറൊതുക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന്‍ വെട്ടിച്ചു കയറി. അപകടമൊഴിവാക്കി വാഹനം നിര്‍ത്തിയ ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുകയായിരുന്നു. കടുത്ത വെളിച്ചം കണ്ട് റോഡിന് നടുവില്‍ കുട്ടി പകച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഈ സമയം, റോഡിനപ്പുറത്ത് നിന്നൊരു സ്ത്രീ മെല്ലെ വന്ന് കുട്ടിയെ എടുത്ത് മാറി. യുവതിക്ക് ഭാവഭേദങ്ങളൊന്നുമില്ലായിരുന്നുവെന്നും തുടര്‍ന്ന് കുറച്ച് കൂടി ശ്രദ്ധ കാണിക്കൂവെന്ന് സ്ത്രീയോട് തനിക്ക് വിളിച്ച് പറയേണ്ടി വന്നുവെന്നും കാര്‍ ഡ്രൈവര്‍ വെളിപ്പെടുത്തി. 'കൈക്കുഞ്ഞ് ഇതാ നടുറോഡിലേക്ക്, അതും പാഞ്ഞെത്തിയ കാറിന് മുന്നില്‍... ഇന്ത്യയിലെ റോഡുകളിലൂടെ നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ഡാഷ് ക്യാം വളരെ ഉപകാരപ്രദമാണെന്ന് പറയുന്നത് ഇതാണ്. അപകടമോ തര്‍ക്കമോ ഉണ്ടായാല്‍ സത്യം അറിയാമല്ലോ എന്ന കാപ്ഷനോടെയാണ് സേഫ് കാര്‍സ് ഇന്ത്യയെന്ന അക്കൗണ്ടില്‍ നിന്നും വിഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ സംഭവിച്ചിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുഃഖിക്കേണ്ടി വന്നേനെയെന്നും കുറിപ്പിലുണ്ട്.
രണ്ട് മില്യണിലേറെ ആളുകളാണ് വിഡിയോ ഇതിനകം കണ്ടത്. ഡ്രൈവറുടെ മനസാന്നിധ്യത്തെയും ജാഗ്രതയെയും പലരും വിഡിയോയ്ക്ക് ചുവടെ പ്രശംസിക്കുന്നുണ്ട്. അതേസമയം കുട്ടിയുടെ അമ്മയെന്ന് കരുതുന്ന സ്ത്രീയെ കുറ്റപ്പെടുത്തുന്നവരും കുറവല്ല.