lionel-messi-father-jorge-messi-passes-away-ronaldo-neymar-tribute

Image Credit: AFP

  • പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും മെസി സമൂഹമാധ്യമങ്ങളില്‍ കുറിച്ചതിന് പിന്നാലെയാണ് കോടിക്കണക്കിന് വരുന്ന ആരാധകര്‍ക്കൊപ്പം ക്രിസ്റ്റ്യാനോയുടെയും നെയ്മാറിന്‍റെയും സ്നേഹം മെസിയെ തേടി എത്തിയത്

കളിക്കളത്തില്‍ ചിരവൈരികളാകാം, മൂവര്‍ക്കും വേണ്ടി ആരാധകര്‍ അടിച്ചു പിരിഞ്ഞിട്ടുമുണ്ടാകാം,പക്ഷേ സങ്കടകാലത്ത് ഒപ്പം നില്‍ക്കുമ്പോഴും ചേര്‍ത്തുപിടിക്കുമ്പോഴുമാണ് കാല്‍പ്പന്തൊരു സ്നേഹപ്പന്തായി മാറുന്നതെന്ന് പറയുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മാര്‍ ജൂനിയറും. പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും മെസി സമൂഹമാധ്യമങ്ങളില്‍ കുറിച്ചതിന് പിന്നാലെയാണ് കോടിക്കണക്കിന് വരുന്ന ആരാധകര്‍ക്കൊപ്പം ക്രിസ്റ്റ്യാനോയുടെയും നെയ്മാറിന്‍റെയും സ്നേഹം മെസിയെ തേടി എത്തിയത്. 'ഈ സങ്കടകാലം താണ്ടാന്‍ കരുത്തുണ്ടാവട്ടെ, ബിഗ് ഹഗ്' എന്ന് നെയ്മാര്‍ കുറിച്ചപ്പോള്‍ 'മുറുക്കെ ചേര്‍ത്തുപിടിക്കുന്നു ലിയോ, കരുത്തുണ്ടാവട്ടെ' എന്നായിരുന്നു മെസിയുടെ പോസ്റ്റില്‍ ക്രിസ്റ്റ്യാനോയുടെ കമന്‍റ്. മെസിയുടെ കുടുംബം തനിക്ക് തന്‍റെ കുടുബം പോലെ പ്രധാനമാണെന്നും കുടുംബത്തിലെ എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ക്രിസ്റ്റ്യാനോ കുറിച്ചിരുന്നു. 

പിതാവ് ഇനിയില്ലെന്ന യാഥാര്‍ഥ്യം ഇതുവരെയും അംഗീകരിക്കാനാകുന്നില്ലെന്നും തളര്‍ന്ന് പോകുന്നുവെന്നുമായിരുന്നു മെസിയുടെ കുറിപ്പ്. ആരോഗ്യനില വഷളായ അവസ്ഥയിലും ലോകകപ്പ് കളിക്കാന്‍ ഹോര്‍ഹെ തന്നെ പ്രചോദിപ്പിച്ചതിനെ കുറിച്ചും താരം കുറിച്ചിരുന്നു. 'ഡാഡി, പോയെന്ന് ഇനിയും വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇനിയൊരിക്കലും എനിക്ക് കാണാനോ മിണ്ടാനോ കഴിയില്ലെന്ന് സങ്കല്‍പ്പിക്കാന്‍ പോലും വയ്യ. ഡാഡി കഷ്ടപ്പെടുകയായിരുന്നുവെന്നും ഇതായിരുന്നു നല്ലതെന്നും എനിക്കറിയാം. പക്ഷേ ഇത് ഒരുപാട് നേരത്തേയായിപ്പോയി. നമുക്കിനിയുമെത്ര സന്തോഷങ്ങള്‍ ഒന്നിച്ച് പങ്കിടാനുണ്ടായിരുന്നുവെന്നോ. കഴിഞ്ഞ ലോകകപ്പില്‍ കളിക്കണമെന്ന് എന്നോട് നിരന്തരം പറഞ്ഞത് ഡാഡിയാണ്. പക്ഷേ അത് തുടങ്ങുന്നതിന് ദിവസങ്ങള്‍ മുന്‍പ് ആരോഗ്യനില വഷളായി. ഇതാദ്യമായിട്ടാണ് ടൂര്‍ണമെന്റിന് ഡാഡിയില്ലാത്തത്. പക്ഷേ അമ്മയെപ്പോഴും ഡാഡിയുടെ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും വരാന്‍ പറ്റുമെന്നും പറഞ്ഞു. ഫൈനല്‍ വരെ എത്താമെന്നും കാണാന്‍ പറ്റുമെന്നും ഞാനും പറഞ്ഞു. ഓരോ കളിയും കഴിയുമ്പോഴും ഞാന്‍ ഡാഡിയുടെ മെസജ് പ്രതീക്ഷിക്കുകയും നിരാശനാകുകയും ചെയ്തു. അവസ്ഥ മോശമാണെന്ന് അപ്പോഴെനിക്ക് മനസിലായി.

ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്ന് എനിക്കറിയില്ല. എത്രനാള്‍ തുടരാന്‍ കഴിയുമെന്ന് അറിയില്ല. തുടക്കം മുതല്‍ എനിക്കൊപ്പം ഡാഡിയുണ്ടായിരുന്നു. കുറച്ച് കൂടി കാത്തിരിക്കാമായിരുന്നില്ലേ, ഈ യാത്ര ഒന്നിച്ച് അവസാനിപ്പിക്കാമായിരുന്നു. ഡാഡിയായും സുഹൃത്തായുമെല്ലാം എനിക്കൊപ്പമുണ്ടായിരുന്നു. ഒരിക്കലും പിഴയ്ക്കാത്ത തീരുമാനങ്ങളായിരുന്നു. തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒടുവിലെല്ലാം ഡാഡി പറഞ്ഞത് പോലെ തന്നെ സംഭവിച്ചിട്ടുണ്ട്. എനിക്ക് വല്ലാത്ത നഷ്ടം തോന്നുന്നു. ഡാഡി എന്നെ വളര്‍ത്തിയത് പോലെ എന്‍റെ മക്കളെയും ‍‍ഞാന്‍ വളര്‍ത്തും. സമാധാനമായിരിക്കൂ, ഇവിടെയായിരുന്നപ്പോളെന്ന പോലെ സ്വര്‍ഗത്തിലിരുന്നും ഞങ്ങളെ പരിപാലിക്കൂ. എല്ലാത്തിനും നന്ദി' - എന്നായിരുന്നു മെസിയുടെ അതിവൈകാരികമായ കുറിപ്പ്. 

ENGLISH SUMMARY:

Football legend Lionel Messi has shared an emotional and heartbreaking tribute following the passing of his father, Jorge Messi, reflecting on their deep bond and his father's constant support during his career. In this moment of profound grief, arch-rival Cristiano Ronaldo and fellow star Neymar Jr. reached out with touching messages of solidarity and support. Neymar offered strength for the difficult times with a virtual embrace, while Ronaldo emphasized that Messi's family is as important to him as his own. This outpouring of global support from football's biggest icons has highlighted the deep unity and sportsmanship that transcends fierce on-field rivalries.