മെസ്സിയുടെ പേരിലെ കബളിപ്പിക്കലിന് സ്പോണ്‍സര്‍ക്ക് രക്ഷയൊരുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തിയതിന്റെയും കായികമന്ത്രി അര്‍ജന്റീനയെ നേരിട്ട് ബന്ധപ്പെട്ടതിന്റെയും രേഖകള്‍ പുറത്ത്. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ചുമത്തിയ പിഴ ഒഴിവാക്കാനാവശ്യപ്പെട്ട് അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കായികവകുപ്പ് സെക്രട്ടറി അയച്ച ഇമെയില്‍ മനോരമ ന്യൂസിന് ലഭിച്ചു.
സമയത്തിന് പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് കരാറില്‍ നിന്ന് അര്‍ജന്റീന പിന്‍മാറിയപ്പോള്‍ സ്പോണ്‍സര്‍ക്ക് വേണ്ടി കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഇടപെട്ടതിന്റെ ഇമെയിലിന്റെ സമ്പൂര്‍ണ പകര്‍പ്പും മനോരമ ന്യൂസ് പുറത്തുവിടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുന്ന ത്രികക്ഷി കരാറാണെന്ന് അംബാസഡര്‍ക്കുള്ള കത്തില്‍ കായിക വകുപ്പ് സെക്രട്ടറി വെളിപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ മാത്രമല്ല എല്‍ഡിഎഫ് സര്‍ക്കാരും അന്നത്തെ കായികമന്ത്രിയും കായിക സെക്രട്ടറിയും ഇടപെട്ടത്. സ്പോണ്‍സറുടെ വീഴ്ചകൾകൊണ്ട് അവര്‍ക്കുണ്ടായ എല്ലാ തിരിച്ചടികള്‍ക്കും പ്രതിരോധം തീര്‍ക്കാനും സഹായിക്കാനും ഇടപെട്ടത് സര്‍ക്കാരാണ്. സമയത്തിന് പണം നല്‍കാത്തതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നാലു മില്യന്‍ യുഎസ് ഡോളര്‍ പിഴ ഈടാക്കി. ഇത് തിരിച്ചുകിട്ടാന്‍ അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കായിക വകുപ്പ് സെക്രട്ടറി എഴുതിയ കത്താണിത്.
സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു സര്‍ക്കാരിന്റെ നയതന്ത്ര ഇടപെടല്‍. 2025 ജൂലൈ 7നാണ് കായികവകുപ്പ് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് അസാധാരണ നയതന്ത്ര ഇടപെടല്‍ ഉണ്ടായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങൾ സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്ന കത്തില്‍ അര്‍ജന്റീന ടീമിന്റേത് സര്‍ക്കാര്‍ ഉൾപ്പെട്ട ത്രികക്ഷി ഏർപ്പാട് ആണെന്നും സമ്മതിക്കുന്നു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം അടക്കാത്തതിനെ തുടര്‍ന്ന് കരാറില്‍ നിന്ന് ആദ്യം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പിന്‍മാറിയിരുന്നു.
ഇതിന് പരിഹാരം കാണാന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നേരിട്ടാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനെ ബന്ധപ്പെട്ടത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം നല്‍കുമെന്നും കരാര്‍ റദ്ദാക്കരുതെന്നും സ്പോണ്‍സര്‍ക്ക് വേണ്ടി അഭ്യര്‍ഥിച്ചിരിക്കുന്നത് വി. അബ്ദുറഹിമാനാണ്. കഴിഞ്ഞ അഞ്ചുതവണ ജിഎസ്ടി വകുപ്പ് സമന്‍സ് നല്‍കിയിട്ടും സ്പോണ്‍സര്‍മാര്‍ ഹാജരാകാതിരുന്നത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങളും സൂചിപ്പിക്കുന്നത്.