Image credit:youtube/ridewithridz

Image credit:youtube/ridewithridz

  • മുംബൈയില്‍ നിന്ന് ബസ്തറിലേക്കായിരുന്നു സംഘത്തിന്‍റെ യാത്ര. എതിര്‍ദിശയില്‍ നിന്ന് വന്ന ട്രെയിലര്‍ നിയന്ത്രണം വിട്ട് റിദ്ധിയുടെ ബൈക്കിന് മേല്‍ പാഞ്ഞ് കയറുകയായിരുന്നു.

ബൈക്കില്‍ ട്രെയിലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് യുവതി മരിച്ചു. മുംബൈ സ്വദേശിയായ റിദ്ധി താക്കര്‍ (24) ആണ് എന്‍എച്ച് 30യിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഛത്തിസ്ഗഡിലെ മാര്‍ക്ക തോല ഗ്രാമത്തില്‍ ദേശീയപാത 30 ല്‍ വച്ചാണ് അപകടമുണ്ടായത്. 22 വനിതാ റൈഡര്‍മാര്‍ക്കൊപ്പം യാത്രയ്ക്കിറങ്ങിയതായിരുന്നു റിദ്ധി. 

മുംബൈയില്‍ നിന്ന് ബസ്തറിലേക്കായിരുന്നു സംഘത്തിന്‍റെ യാത്ര. എതിര്‍ദിശയില്‍ നിന്ന് വന്ന ട്രെയിലര്‍ നിയന്ത്രണം വിട്ട് റിദ്ധിയുടെ ബൈക്കിന് മേല്‍ പാഞ്ഞ് കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ചരാമയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും നില വഷളാകുകയായിരുന്നു. തുടര്‍ന്ന് ധാംത്രിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

യാത്രയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ റിദ്ധി പങ്കുവച്ചിരുന്നു. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേരാണ് നടുക്കം അറിയിച്ച് കമന്‍റുകളിട്ടിരിക്കുന്നത്. 'ജീവിതം തീര്‍ത്തും പ്രവചനാതീതമാണ്. ഒരു നിമിഷം നമ്മളാഗ്രഹിക്കുന്ന ജീവിതം ആസ്വദിക്കുന്നു, അടുത്ത നിമിഷം എല്ലാം തകിടം മറിയുന്നു' എന്നായിരുന്നു ഒരാളുടെ കമന്‍റ്.

സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന റൈഡര്‍മാരടങ്ങുന്ന സംഘത്തോട് പൊലീസ് വിവരം തേടിയിട്ടുണ്ട്. അപകടത്തില്‍ കേസ്  റജിസ്റ്റര്‍ ചെയ്തു. റിദ്ധിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും ധംത്രി മേയര്‍ അറിയിച്ചു. 

ENGLISH SUMMARY:

A 24-year-old female biker from Mumbai named Riddhi Thacker tragically died in a road accident on National Highway 30 in Chhattisgarh after a speeding trailer collided with her motorcycle. She was part of a group of 22 women riders journeying from Mumbai to Bastar when the oncoming trailer lost control and ran over her bike. Severely injured, she was rushed to a hospital in Charama for initial treatment before being transferred to a private hospital in Dhamtari, where she was pronounced dead upon arrival. Police have registered a case regarding the incident and are recording statements from the accompanying riders, while local authorities have expressed condolences and promised assistance to her grieving family.