man-stops-train-for-family-bihar
  • ബിഹാറിലാണ് കൈ കാണിച്ചയാള്‍ക്കായി മുസാഫര്‍പുര്‍ നര്‍കടിയാഗഞ്ച് മെമു പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിക്കൊടുത്തത്

ഓട്ടോയും പ്രൈവറ്റ് ബസും കൈ കാണിച്ച് നിര്‍ത്തി ആളെ കയറ്റി വിടുന്നത് പോലെ കുടുംബത്തിന് കയറിപ്പോകാന്‍ ട്രെയിന്‍ കൈ കാണിച്ച് യുവാവ് നിര്‍ത്തിച്ചത് കണ്ട് അമ്പരക്കുകയാണ് സോഷ്യല്‍ മീഡിയ. ബിഹാറിലാണ് കൈ കാണിച്ചയാള്‍ക്കായി മുസാഫര്‍പുര്‍ നര്‍കടിയാഗഞ്ച് മെമു പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിക്കൊടുത്തത്. ശനിയാഴ്ചയായിരുന്നു സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. 

കുമാര്‍ബാഗ് സ്റ്റേഷന്‍ ട്രെയിന്‍ കടന്നതും റെയില്‍വേ ക്രോസിങിന് സമീപം ഒരാള്‍ നില്‍ക്കുന്നതും മൊബൈല്‍ ഫോണില്‍ സംസാരിച്ച് ട്രെയിന് നേരെ നിര്‍ത്താന്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും വിഡിയോയില്‍ കാണാം. സ്റ്റേഷനില്‍ നിന്ന് വിട്ടുപോയ ട്രെയിന്‍ കുടുംബത്തിനായി നിര്‍ത്തിച്ചതാണ് യുവാവെന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. വിഡിയോ വൈറലായതിന് പിന്നാലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്ന് സമസ്തിപുര്‍ റെയില്‍വേ ഡിവിഷന്‍ ഓഫിസിനെ ടാഗ് ചെയ്ത് റെയില്‍ സേവ കമന്‍റ് ചെയ്തു.

അതേസമയം, റെയില്‍വേ ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരി പച്ചക്കൊടി കാട്ടുന്നതും ഗേറ്റ്മാന്‍ നോക്കി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. ജീവനക്കാര്‍ ആരും ട്രെയിന്‍ നിര്‍ത്താന്‍ സിഗ്നല്‍ കാണിച്ചില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 'വെറുതേയല്ല, ട്രെയിന്‍ മണിക്കൂറുകള്‍ ലേറ്റാകുന്നത്' എന്നും 'ട്രെയിന്‍ ഓട്ടോറിക്ഷ പോലെയാക്കിയല്ലോ' എന്നും 'ഇതൊക്കെ ബിഹാറിലേ നടക്കൂ'വെന്നും കമന്റുകളുണ്ട്. ഫോണില്‍ വിളിച്ച് ലോക്കോ പൈലറ്റിനോട് ട്രെയിന്‍ നിര്‍ത്താന്‍ പറയുന്നത് പോലെയുണ്ടെന്നും ഒരുപക്ഷേ ഏതെങ്കിലും ഉദ്യോഗസ്ഥനാകാമെന്നുമെല്ലാം കമന്‍റുകളിലുണ്ട്. 'എന്തായാലും ട്രെയിന്‍ നിര്‍ത്തി, യുവാവിനൊപ്പമുള്ളവര്‍ കയറിപ്പോകുകയും ചെയ്തു, ഇനി ആര്‍ക്കാണ് കുഴപ്പ'മെന്നാണ് വിഡിയോയ്ക്ക് ചുവടെയുള്ള മറ്റൊരു കമന്‍റ്. 

അപകടമൊഴിവാക്കാന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതാണെന്നാണ് പ്രാഥമിക വിശദീകരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കോ പൈലറ്റിന്‍റെ ഭാഗത്ത് പിഴവില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് പെട്ടെന്ന് മനസിലായില്ലെന്നും വാദമുണ്ട്.

ENGLISH SUMMARY:

A viral video from Bihar shows a man flagging down the Muzaffarpur-Narkatiaganj MEMU passenger train near a railway crossing so his family, including his wife, could board it. After Kumarbagh station, the man stood by the tracks and gestured for the train to stop, a sight that left social media users stunned as the locomotive came to a halt. While online reactions mock the incident as treating a train like an autorickshaw, initial media reports suggest the loco pilot may have stopped to avert a potential hazard. Following the viral circulation of the footage, the Samastipur railway division and RailSeva acknowledged the incident, prompting an official railway investigation.