രാജ്യത്ത് പൊതുപരീക്ഷ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതിനു പിന്നാലെ ഇൻസ്റ്റഗ്രാം വിഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് പരീക്ഷാസമ്പ്രദായത്തെ കരുത്തുറ്റതാക്കാനുള്ള ബിൽ പാർലമെന്റ് പാസാക്കി എന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ഭാവി വച്ച് കളിക്കുന്ന ചോദ്യപ്പേപ്പർ മാഫിയകളെ സര്‍ക്കാര്‍ വെറുതെ വിടില്ല. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനും വിശ്വസനീയമായ പരീക്ഷാ സമ്പ്രദായം ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ബിൽ പാസാക്കലെന്നും പ്രധാനമന്ത്രി വിഡിയോയില്‍ വ്യക്തമാക്കി.
കേന്ദ്ര സംസ്ഥാന തലങ്ങളിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. അതിനായി സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. മോശം സാഹചര്യം ദീർഘകാലം തുടരാൻ അനുവദിക്കില്ല എന്നും വികസിത ഭാരതത്തിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം എന്നും പ്രധാനമന്ത്രി പുതുതലമുറയോടായി പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് സംസാരിക്കുന്നതിനായി പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമിലെത്തുന്നത്.
'കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെന്ന പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. ഇത് രാജ്യത്തെ വിദ്യാര്‍ഥികളുടെ ഭാവിയെയാണ് പ്രതിസന്ധിയിലാക്കി വന്നത്. ഇതിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ സമഗ്ര പരിഷ്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പേപ്പര്‍ മാഫിയ, പേപ്പര്‍ ചോര്‍ത്തുന്ന സംഘങ്ങള്‍ എന്നിങ്ങനെ രാജ്യത്തെ കുട്ടികളുടെ ഭാവിയെ പന്താടാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതേ വിടില്ല. കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാകും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്‍മേല്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളും ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. രണ്ട് സഭകളും ബില്‍ പാസാക്കിക്കഴിഞ്ഞു. വിശ്വാസ്യതയുള്ള പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനായുള്ള നിര്‍ണായക ചുവടുവയ്പ്പാണിത്. ഈ വിശ്വാസത്തിന്‍മേല്‍ സുഹൃത്തുക്കളേ നമുക്ക് വികസിതഭാരതമെന്ന ലക്ഷ്യത്തിനായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം'- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.