കനത്ത മഴതുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, കാസർകോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കലക്ടറുമാര്‍ അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും ഓൺലൈൻ ക്ലാസുകൾക്കും അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിലെ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 11 ജികളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കി. കടല്‍പ്രക്ഷുബ്ധമാണ്. കോഴിക്കോട്, കാസര്‍കോട് ജില്ലകളുടെ തീരങ്ങളില്‍ 3.6 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനുമുള്ള മുന്നറിയിപ്പും നല്‍കിട്ടുണ്ട്. ഞായറാഴ്ച വരെ കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കും.