AI Generated Image
കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് വിവാഹത്തിന് അനുമതി. രാജസ്ഥാനിലെ ജോധ്പൂർ മണ്ടോർ തുറന്ന ജയിലിലെ രണ്ട് തടവുകാര്‍ക്കാണ് വിവാഹം കഴിക്കാനായി രാജസ്ഥാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വിവാഹത്തിനായി ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 33കാരന്‍ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധി. ഈ മാസം 22ന് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുള റാമാണ് വരൻ. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സീമ ഗഡ്സെയാണ് വധു. സീമയിപ്പോള്‍ 40 ദിവസത്തെ പരോളിൽ ജയിലിനു പുറത്താണ്. ജയിലിലാണെങ്കിലും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയുള്ള രണ്ട് മുതിർന്ന വ്യക്തികളുടെ വിവാഹം എന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഘടകമാണെന്നും ജസ്റ്റിസ് പുഷ്പേന്ദ്ര സിങ് ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്നാഗർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജൂലൈ 15നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജയിലിലെ കൃഷിപ്പണിക്കിടെയാണ് ഇരുവരും തമ്മിൽ സംസാരിച്ചു തുടങ്ങിയത്, പിന്നാലെ ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകരോട് തങ്ങളുടെ ആഗ്രഹം തുറന്നുപറഞ്ഞു. മുള റാമിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. കോടതിയിൽ സർക്കാർ അഭിഭാഷകനും വിവാഹത്തിനു അനുകൂലമായിട്ടുള്ള നിലപാടാണ് സ്വീകരിച്ചത്. വിവാഹത്തിന് അനുമതി നൽകുന്നത് പ്രതികളുടെ പുനരധിവാസത്തിനും മാനസിക പരിവർത്തനത്തിനും സഹായിക്കുമെന്നും, ദമ്പതികൾക്ക് ഒരുമിച്ച് ഭാവി ആസൂത്രണം ചെയ്യാൻ ഇത് വഴിയൊരുക്കുമെന്നും വരനുവേണ്ടി ഹാജരായ കാലു റാം ഭാട്ടിയും ശ്രാവൺ സിങ് റാത്തോഡും കോടതിയിൽ വാദിച്ചു.
ചടങ്ങിന്റെ ചെലവ് വരനാണ് വിഹിക്കുക. വിവാഹച്ചടങ്ങില്‍ പുരോഹിതനും ഒപ്പം 21 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്. പിതാവുമായി ശത്രുതയുള്ള അയല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് മുള റാം ശിക്ഷ അനുഭവിക്കുന്നത്. 2017 ഫെബ്രുവരി 16 മുതൽ ഇയാൾ കസ്റ്റഡിയിലായിരുന്നു. 2023 ഓഗസ്റ്റ് 19-നാണ് ഇയാള്‍ക്ക് ശിക്ഷ ലഭിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ സീമ 2016ല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷയനുഭവിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം മാസമാണ് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ സീമ കൊലപ്പെടുത്തിയത്. 2019ലാണ് സീമയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.