--

TOPICS COVERED

പനയില്‍ കയറാന്‍ കോണിപ്പടി പണിത് വൈറലായിരിക്കുകയാണ് ഒരു തമിഴ്‌നാട്ടുകാരന്‍. 55 അടി ഉയരമുള്ള പനയിലാണ് സ്റ്റീല്‍ കോണി ഘടിപ്പിച്ചത്. പനയ്ക്ക് കോണിപ്പടി വയ്ക്കാന്‍ ഒരു പ്രത്യേക കാരണമുണ്ടെന്നാണ് തൂത്തുക്കുടി സ്വദേശി പറയുന്നത്.

ഇനി ആരും പനയില്‍ വലിഞ്ഞുകയറി നടുവുളുക്കേണ്ടെന്നാണ് ദിനഗരാജ് പറയുന്നത്. തന്‍റെ പുരയിടത്തിലെ പനയില്‍ കയറാന്‍ വേണ്ടി കോണിപ്പടി ഘടിപ്പിച്ചിരിക്കുകയാണ് ഈ 36കാരന്‍. ഉയരം കൂടിയ പനയായതിനാല്‍ 10 വര്‍ഷത്തോളമായി ചെത്തിയിരുന്നില്ല. ഒടുവിലാണ് കോണിപ്പടി വയ്ക്കാമെന്ന ആശയം തോന്നിയത്.  

നേരത്തെ പിതാവായിരുന്നു ഈ പനയില്‍ കയറി പനങ്കരിക്ക് വെള്ളം ചെത്തിയിരുന്നത്. എന്നാല്‍ പ്രായമായതോടെ ഉയരം കൂടിയ പനയില്‍ കയറാന്‍ പറ്റാതെയായി. കോണി വച്ചതോടെ തനിക്ക് സ്വയം കയറി പനങ്കരിക്ക് വെള്ളം ചെത്താന്‍ കഴിയുന്നെന്നും ദിനഗരാജ്.  ദിവസം 20 ലീറ്ററോളം പനങ്കരിക്ക് വെള്ളം ലഭിക്കുന്ന പനയിലാണ് കോണിവച്ചിരിക്കുന്നത്. സീസണില്‍ ഒരുലക്ഷം രൂപയുടെ പനങ്കരിക്ക് വെള്ളം ചെത്താനാകുമെന്നും ദിനഗരാജ് അവകാശപ്പെടുന്നു. 48 പടികളുള്ള കോണി വയ്ക്കാന്‍ 60000 രൂപയാണ്  ചെലവായത്. മുടക്കിയ തുക ഒരുവര്‍ഷത്തിനകം തിരിച്ചുകിട്ടുമെന്നും കോണി വച്ചത് ലൈഫ് ലോങ് ഇന്‍വസ്റ്റ്മെന്‍റാണെന്നുമാണ് ദിനഗരാജിന്‍റെ പക്ഷം.

ENGLISH SUMMARY:

Innovative palm tree ladder construction by a Tamil Nadu man has gone viral. This unique solution addresses the challenge of safely accessing tall palm trees for sap collection and maintenance, proving to be a long-term investment.