തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറില്‍നിന്നും തമിഴക മുതലമൈച്ചറിലേക്ക് എത്തുമ്പോഴും 'ജനനായകന്‍' തന്നെയാണ് താനെന്നു തെളിയിക്കുന്നതാണ് ദളപതി വിജയുടെ ഓരോ രാഷ്ട്രീയ ചുവടുവെപ്പുകളും. താരപരിവേഷത്തിന്‍റെ ഔന്നിത്യത്തില്‍ നിന്നും രാഷ്ട്രീയ സേവകനായി സ്വയം ഇറങ്ങിത്തിരിച്ച വിജയുടേത്, പുരട്ചി തലൈവർ എംജിആറിന്‍റെ അതേ വഴിയാണെന്ന് പൊതുവേ വിലയിരുത്താറുണ്ട്. സിനിമകളിലൂടെ രാഷ്ട്രീയം പറഞ്ഞും, അതാതു കാലത്തെ സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്തുമാണ് തമിഴാളരുടെ നായകനായി എംജിആര്‍ മാറുന്നത്. കാലങ്ങള്‍ക്കിപ്പുറം വിജയ് നേടിയതും അതേ ജനസ്വീകാര്യതയാണ്, കടന്നുവന്നത് സിനിമകളിലൂടെ തെളിഞ്ഞും മറഞ്ഞും വ്യവസ്ഥിതികളെ ചോദ്യം ചെയ്തുമാണ്. അതുകൊണ്ടു തന്നെ വ്യത്യസ്ത സമയങ്ങളിലായി എത്തി, വിജയുടെ കരിയറില്‍ ശ്രദ്ധേയ വിജയം നേടിയ കത്തി, സര്‍ക്കാര്‍ എന്നീ സിനിമയിലെ രാഷ്ട്രീയവും വിമര്‍ശനങ്ങളും വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനൊപ്പം ചര്‍ച്ചയായിരുന്നു. എന്നാല്‍ കത്തി, സര്‍ക്കാര്‍ എന്നിവ വിജയുടെ രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കു വേണ്ടി ഒരുക്കിയ സിനിമകളല്ലെന്നു ഉറപ്പിച്ചു പറയുകയാണ് സംവിധായകന്‍ എ.ആര്‍ മുരുകദോസ്.
ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ തുപ്പാക്കിയുടെ മികച്ച വിജയത്തിനു ശേഷം എ.ആര്‍. മുരുകദോസും വിജയും 2014 ല്‍ കൈ കോര്‍ത്ത ചിത്രമായിരുന്നു കത്തി. 2018 ല്‍ അവരുടെ മൂന്നാം കൂട്ടുകെട്ടാണ് സര്‍ക്കാരുമായി എത്തുന്നത്. വാണിജ്യ സിനിമകളുടെ ചേരുവകള്‍ നന്നായി അറിയുന്ന മുരുകദോസ്, തുപ്പാക്കിയില്‍ ലീവിന് നാട്ടിലെത്തുന്ന പട്ടാളക്കാരന്‍ ഒരു ഭീകര സെല്ലിനെ ഇല്ലാതാക്കുന്ന കഥയായിരുന്നു വിജയെ നായകനാക്കി ത്രില്ലിംഗായി പറഞ്ഞത്. എന്നാല്‍ കർഷക - ഭൂമി - അവകാശങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടുള്ള സാമൂഹിക വ്യാഖ്യാനമാണ് ത്രില്ലര്‍ ചേരുവകളോടെ കത്തിയില്‍ ദൃശ്യവല്‍ക്കരിച്ചത്. തിരഞ്ഞെടുപ്പ് തട്ടിപ്പ് തുറന്നുകാട്ടുകയും ഒടുവിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന നായകന്‍റെ കഥയായിരുന്നു പൊളിറ്റിക്കല്‍ ത്രില്ലർ ഫോര്‍മാറ്റില്‍ പറഞ്ഞ സര്‍ക്കാരിന്‍റേത്. അഴിമതിക്കും അനീതിക്കും എതിരെ പോരാടുന്ന പരിഷ്കർത്താവായി വിജയ് ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്, പ്രവചനാത്മകമായി പിന്നീട് സിനിമയെ വിലയിരുത്തപ്പെടാനും കാരണമായി.
2024 ല്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി ടിവികെ പ്രഖ്യപിച്ചതു മുതല്‍ രണ്ടു ചിത്രങ്ങളിലെ രാഷ്ട്രീയവും മുന്നോട്ടുവെച്ച ചോദ്യങ്ങളും വിജയുടെ രാഷ്ട്രീയ നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു. മറ്റൊരു മേഖലയില്‍നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സര്‍ക്കാരിലെ നായകനെ ജീവിതത്തിലും ആവര്‍ത്തിച്ചതോടെ സിനിമകളുടെ മാനവും ആകെ മാറി. ഇതു സംബന്ധിച്ച് പല ചര്‍ച്ചകളും ഉയര്‍ന്ന വേളയിലാണ് ഒരു സ്വകാര്യ അഭിമുഖത്തില്‍ സംവിധായകന്‍ മുരുകദോസ് തന്നെ ഇപ്പോള്‍ വ്യക്തത വരുത്തുന്നത്.
രാഷ്ട്രീയവും സാമൂഹികവുമായ തന്‍റെ ചോദ്യങ്ങളെ, വിമര്‍ശനങ്ങളെ എ.ആര്‍. മുരുകദോസ് സിനിമയിലൂടെ മുന്നോട്ടുവെച്ചു തുടങ്ങുന്നത് 2002 ല്‍ വിജയ്കാന്ത് നായകനായ രമണ മുതലാണ്. സ്ഥാപനപരമായ അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥനായി വിജയകാന്ത് അഭിനയിച്ച ചിത്രത്തിലൂടെ അന്ന് മികച്ച സംഭാഷണ രചയിതാവിനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ ചലച്ചിത്ര അവാർഡും മുരുകദോസ് നേടി. പിന്നീട് ഗജിനി, തുപ്പാക്കി പോലുള്ള വലിയ വിജയങ്ങള്‍ക്കു ശേഷമാണ് വീണ്ടും സാമൂഹിക വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കത്തിയുമായി മുരുകദോസ് എത്തിയത്.
2018 ല്‍ വോട്ടർ തട്ടിപ്പും തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളും ദൃശ്യവല്‍ക്കരിച്ച സര്‍ക്കാര്‍ എത്തിയതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും നേരിട്ടു. സിനിമയുടെ പോസ്റ്ററുകള്‍ വലിയ രീതിയില്‍ നശിപ്പിക്കപ്പെട്ടു. സിനിമയ്ക്കെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു. തന്‍റെ കരിയറിലെ ഏറ്റവും വൈകാരികവും, ബുദ്ധിമുട്ടു നേരിട്ടതുമായ കാലഘട്ടങ്ങളിലൊന്നാണ് അതെന്ന് മുരുകദോസ് ഓര്‍ക്കുന്നു.
സിനിമയില്‍ നിന്നും പൂര്‍ണമായും അകന്ന്, പൊതുപ്രവര്‍ത്തകനായി വിജയ് മാറിയതോടെയാണ് രണ്ടു സിനിമകളും വിമര്‍ശന രീതിയില്‍ പുനര്‍വായനയ്ക്കു വിധേയമായത്. എന്നാല്‍, കഥയും സമയവും അനുസരിച്ചാണ് തിരക്കഥകൾ രൂപപ്പെടുന്നത്. അതാതു കാലങ്ങളില്‍ അത്തരത്തില്‍ സിനിമകള്‍ സാധ്യമായി. അതൊക്കെയും വിജയുടെ ഭാവിക്കായി കണക്കുകൂട്ടിയ പദ്ധതികളായിരുന്നില്ല എന്ന് തെളിച്ചു പറയുകയാണ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. എന്തായാലും സിനിമ പ്രേക്ഷകര്‍ കണ്ട് വിജയിപ്പിച്ചു, നായകന്‍ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയുമായി മാറി. എങ്കിലും, കത്തിയും സര്‍ക്കാരും മുന്നോട്ടു വെച്ച രാഷ്ട്രീയവും വിമശനങ്ങളും തമിഴ് ജനത എന്നും ഓര്‍ക്കും. അധികാരവൃന്ദത്തിനു മുന്നില്‍ ചോദ്യശരങ്ങളായി എന്നും ആ സിനിമകള്‍ നിലനില്‍ക്കുകയും ചെയ്യും.