Image: X, @ndtv

3500 രൂപയ്ക്ക് ഡീസല്‍ അടിച്ച ശേഷം പെട്രോള്‍ പമ്പില്‍ പണം നല്‍കാതെ അതിവേഗത്തില്‍ ഓടിച്ചുപോയ കാറിലേക്ക് ചാടിക്കയറി ജീവനക്കാരന്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ജീവനക്കാരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിക്കായുള്ള അന്വേഷണത്തിലാണ്. 

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് ഷുഗര്‍ മില്ലിനു സമീപത്താണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരനായ ലബ്ബു സിങ് പറയുന്നത് ഇതാണ്– ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വെളുത്ത കാറില്‍ ഡീസല്‍ അടിക്കാനായി പ്രതിയെത്തിയത്. 3500രൂപയ്ക്ക് ഡീസല്‍ അടിക്കുന്ന സമയത്ത് കാര്‍ ഡ്രൈവര്‍ പൈസ കയ്യില്‍ പിടിച്ചിരിക്കുന്നത് കണ്ടതിനാല്‍ തനിക്ക് മറ്റു സംശയങ്ങളൊന്നും തോന്നിയില്ലെന്ന് ജീവനക്കാരന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

‘ഡീസല്‍ അടിച്ച ശേഷം പണം വാങ്ങാനായി മുന്‍ വശത്തെ ഡോറിനടുത്തെത്തിയപ്പോള്‍ ഡ്രൈവര്‍ അതിവേഗത്തില്‍ വണ്ടിയെടുത്ത് പാഞ്ഞുപോവുകയായിരുന്നു, ഒട്ടും സംശയിക്കാതെ താന്‍ ഇടതുവശത്തെ ഡോര്‍ തുറന്ന് കാറിലേക്ക് ചാടിക്കയറി. അല്‍പസമയം തൂങ്ങിനിന്നു, എന്നാല്‍ ആ സമയത്തും ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ വേഗത കൂട്ടുകയായിരുന്നു, വലതുകൈ കൊണ്ട് സ്റ്റിയറിങ് പിടിച്ച് ഡ്രൈവ് ചെയ്ത പ്രതി ഇടതുകയ്യില്‍ 500 രൂപയും പിടിച്ചിരുന്നു, 

‘പിന്നാലെ കാറിനുള്ളിലേക്ക് ഒരുവിധത്തില്‍ ഇരുന്ന താനും ഡ്രൈവറും തമ്മില്‍ കാറിനുള്ളില്‍വച്ച് വലിയ തോതില്‍ വാക്കേറ്റമുണ്ടായി, എന്നാല്‍ പണം നല്‍കാനോ കാര്‍ നിര്‍ത്താനോ അയാള്‍ തയാറായില്ല,  മാത്രമല്ല കാര്‍ മറിയാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് ഇയാള്‍ ലബ്ബുസിങ്ങിനെ ഭീഷണിപ്പെടുത്തി. കാര്‍ നിര്‍ത്തണമെങ്കില്‍ പണം വാങ്ങാതെ തിരികെ പോകണമെന്നും ലബ്ബു സിങ്ങിനോട് പ്രതി ആവശ്യപ്പെട്ടു. 

ഏതാണ്ട് ഒരു കിലോമീറ്ററിലേറെ ദൂരം യാത്ര ചെയ്ത ശേഷമാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതെന്നും തന്നെ വണ്ടിയില്‍ നിന്നും തള്ളി പുറത്തേക്കിട്ടെന്നും ജീവനക്കാരന്‍ പറയുന്നു. അതേസമയം  തന്നെ ആ കാറിന് മുന്‍വശത്തോ പിന്‍വശത്തോ നമ്പര്‍ പ്ലേറ്റ് പോലുമില്ലെന്ന് പിന്നീടാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും ജീവനക്കാരന്‍ പറയുന്നു.   

Petrol Pump Employee's Daring Chase After Fuel Theft:

A petrol pump employee bravely chased and jumped into a moving car after the driver fled without paying for ₹3500 worth of diesel. The incident, captured on CCTV, led to the police registering a case and initiating an investigation to apprehend the accused.