Image: X, @Lotus_indrajit

 ഉയരം വര്‍ധിപ്പിക്കാനെന്ന പേരില്‍ മകന്‍റെ കൈകള്‍ കെട്ടി തൂക്കിനിര്‍ത്തിയ മാതാപിതാക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അയല്‍വാസിയായ യുവതിയാണ് മൊബൈലില്‍ പകര്‍ത്തിയ വിഡിയോ എക്സില്‍ പങ്കുവെച്ചത്. കുട്ടിയുടെ കൈകള്‍ രണ്ടും കൂട്ടിക്കെട്ടി വാതിലിന് മുകളിലായി തൂക്കിനിര്‍ത്തിയിരിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്.

ഇത് ചോദ്യം ചെയ്ത യുവതിയോട്, "ഇത് ഞങ്ങളുടെ കുടുംബവിഷയമാണ്, ഇടപെടാന്‍ നാണമില്ലേ?" എന്നാണ് കുട്ടിയുടെ അമ്മ പ്രതികരിക്കുന്നത്. കാഴ്ചയില്‍ത്തന്നെ കുട്ടി വേദന അനുഭവിക്കുന്നതും ശാരീരിക ബുദ്ധിമുട്ട് നേരിടുന്നതും വ്യക്തമാണ്. അമ്മയ്‌ക്കൊപ്പം അച്ഛനും ഈ പ്രവൃത്തിയെ ന്യായീകരിക്കുന്നതായി വിഡിയോയില്‍ കാണാം.

വിഡിയോ ചിത്രീകരിക്കാതെ പിന്മാറാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറാകുന്നില്ല. കുട്ടിയെ ഉപദ്രവിക്കുന്നത് കാണുമ്പോള്‍ അത് കുടുംബവിഷയമായോ വ്യക്തിപരമായ വിഷയമായോ കാണാനാകില്ലെന്നാണ് യുവതി മറുപടി പറയുന്നത്. മാതാപിതാക്കള്‍ കുട്ടിയോട് ചെയ്യുന്നത് ക്രൂരതയാണെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യുവതി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമാക്കാതെയാണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോയ്ക്ക് താഴെ മാതാപിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ കുട്ടികളുടെ ഉയരമോ അച്ചടക്കമോ വര്‍ധിപ്പിക്കില്ലെന്നും മറിച്ച് മാനസികവും ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് നിരവധി എക്സ് ഉപയോക്താക്കളുടെ പ്രതികരണം. സംഭവത്തില്‍ ശിശുസംരക്ഷണ അധികൃതരെ അറിയിച്ച് നടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.

 

 

Parents Tie Child to Door for Height: Viral Video Sparks Outrage:

Child abuse is a serious concern, and the viral video of parents allegedly tying their child to a door for height increase highlights disturbing parenting methods. This incident raises questions about child safety and the need for intervention when witnessing potential harm.