അർജന്റീനയില്‍ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തുവയസ്സുകാരി ആറുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പിന്നാലെ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 33-കാരനായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സാന്റിയാഗോ ഡെൽ എസ്റ്റെറോ പ്രവിശ്യയിലെ കോളോണിയ ഡൊറ ആശുപത്രിയിലാണ് സംഭവം. അമ്മയാണ് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ എമർജൻസി വിഭാഗത്തിൽ എത്തിച്ചത്. കുട്ടിക്ക് ഇതുവരെ ആർത്തവം ആരംഭിച്ചിരുന്നില്ലെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. എന്നാൽ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് രണ്ടാനച്ഛന്‍ ജൂലിയോ വിവിയാസിന്‍റെ ലൈംഗിക പീഡനത്തെ കുറിച്ച് പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പ്രോസിക്യൂട്ടറിന്‍റെ ഉത്തരവിനെത്തുടർന്ന് എൽ ബ്രാച്ചോയിലെ വസതിയിൽ നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതിയെ പരിചയപ്പെട്ടത് എന്നാണ് വിവരം.

ഇയാളെ അമിതമായി വിശ്വസിക്കരുതെന്ന് താൻ മകളോട് (പെണ്‍കുട്ടിയുടെ അമ്മയോട്) മുന്നറിയിപ്പ് നൽകിയിരുന്നതായി പെൺകുട്ടിയുടെ മുത്തശ്ശി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. താനും എട്ടാം വയസ്സിൽ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും മുത്തശ്ശി പറഞ്ഞു. പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേസിൽ പ്രതിയുടെ പിടിച്ചെടുത്ത മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചോ സുരക്ഷാ നടപടികളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രതി കസ്റ്റഡിയിൽ തുടരുകയാണ്.

ENGLISH SUMMARY:

A shocking incident has come to light in Argentina where a 10-year-old girl, admitted to the hospital with severe stomach pain, was found to be six months pregnant. Following the young victim's disclosure during questioning, the local police arrested her 33-year-old stepfather, Julio Vivias. The victim's mother, who had met the accused through social media, brought her to the Colonia Dora hospital after the child complained of pain despite not having reached menarche. Authorities have seized the accused's mobile phone for forensic examination as legal proceedings continue against him.