ഓടുന്ന ട്രെയിനിൽ കാഴ്ചപരിമിതിയുള്ള യുവതിക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം. മുംബൈ എൽ.ടി.ടി സ്പെഷൽ ട്രെയിനിലെ ഭിന്നശേഷി കോച്ചിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. സംഭവത്തിൽ കർണാടക സ്വദേശി 23കാരന്‍ അയ്യപ്പയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

കോച്ചിനുള്ളില്‍ വച്ച് യുവതിയെ തള്ളി നിലത്തിട്ട ഇയാള്‍, കഴുത്തിലും മുഖത്തും പിടിച്ച് ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. കോച്ചിൽ സുരക്ഷാ ജീവനക്കാരോ മറ്റ് യാത്രക്കാരോ ഉണ്ടായിരുന്നില്ല. ഭയന്നുപോയ യുവതി ഒമ്പത് വയസ്സുകാരനായ മകന്റെ സഹായത്തോടെ ട്രെയിനിലെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതിനെ തുടർന്നാണ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ട്രെയിൻ നിന്നതോടെ പുറത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ റെയിൽവേ പൊലീസാണ് പിടികൂടിയത്.

കണ്ണൂരിൽ നിന്നാണ് പ്രതിയായ അയ്യപ്പ ഇവർ സഞ്ചരിച്ചിരുന്ന ഭിന്നശേഷി കോച്ചില്‍ കയറിയത്. കുറച്ചു സമയം വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് പയ്യന്നൂര്‍ എത്താറായതോടെ ഇയാള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. ‘ഞാൻ എന്റെ മോനോട് ചോദിച്ചു, മോനെ, അവര് നമ്മളെ തന്നെ ശ്രദ്ധിക്കുന്നുണ്ടോ? പിന്നെ ഞാൻ മാലയും ബാഗും ഊരി ബാഗിൽ വച്ചു. പിന്നെ കുറച്ചു കഴിയുമ്പോൾ ഇയാള്‍ ഡോർ അടക്കുന്നു. ഞാൻ പറഞ്ഞു, അയ്യോ ഡോർ അടക്കല്ലേ ഞങ്ങൾക്ക് ഇറങ്ങാറായി എന്ന്. പക്ഷേ മലയാളിയല്ല കർണാടകക്കാരനായിരുന്നു. പറയുന്നതൊന്നും മനസ്സിലാകുന്നില്ല’– യുവതി പറഞ്ഞു.

‘പിന്നാലെ ഇയാൾ എന്നെ തള്ളി നിലത്തിട്ടു. ഞാൻ അവിടുന്ന് എങ്ങനെയെങ്കിലും എഴുന്നേറ്റ് ഡോർ അടക്കല്ലേ എന്ന് പറഞ്ഞു. പിന്നെ അയാള്‍ കുറച്ചു നേരം സാധാരണ പോലെയായിരുന്നു. അപ്പോള്‍ സാരമില്ല അമ്മയാണ് പെങ്ങളാണെന്ന് നിങ്ങൾ പൊലീസിനോട് ഒന്നും പറയല്ലേ എന്നെല്ലാം പറഞ്ഞു. പിന്നെ ഞാൻ ആ ഡോറിന്റെ അടുത്ത് തന്നെ നിന്നു. കാരണം നല്ലോണം പേടിച്ചുപോയിരുന്നു. ചാടിയാലോ എന്ന് തോന്നി. എന്റെ മോനുള്ളതുകൊണ്ട് ചെയ്തില്ല. ബാത്ത്റൂമില്‍ കയറിയാലോ എന്ന് തോന്നി അപ്പോള്‍ ഞാൻ അകത്തും മോൻ പുറത്തുമായാലോ എന്ന പേടിയായിരുന്നു.’

‘കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഇയാൾ അക്രമം തുടങ്ങി. തള്ളി താഴെയിട്ടു. രണ്ട് സീറ്റിന്‍റെ നടുക്കായിരുന്നു. കഴുത്തില്‍ പിടിച്ചു. താടി കൂട്ടിപ്പിടിക്കുമ്പോൾ എനിക്ക് പിന്നെ ഒന്നും കാണുന്നില്ല. ആകെ മേലെ ചങ്ങല കാണുന്നു. മോനെ ചങ്ങല വലിക്കൂ എന്ന് ഞാന്‍ പറഞ്ഞു. കുട്ടിയായതുകൊണ്ട് അവന്‍ വലിച്ചിട്ട് നിന്നില്ലായിരുന്നു. ചങ്ങല വലിക്കുമ്പോൾ ഇയാളുടെ കൈയിൽ ലേശം അയഞ്ഞു. ഞാൻ കുതറി എഴുന്നേറ്റ് ചങ്ങലയിൽ തൂങ്ങി നിന്നു. അങ്ങിനെ തൂങ്ങി നിൽക്കാൻ പറ്റിയതുകൊണ്ടാണ് എന്റെ ജീവൻ രക്ഷപ്പെട്ടത്’– യുവതി പറയുന്നു.

ENGLISH SUMMARY:

A visually impaired woman survived a violent sexual assault attempt inside the disabled compartment of the Mumbai LTT Special train near Payyanur. The accused, a 23-year-old native of Karnataka identified as Ayyappa, boarded the train at Kannur and launched a brutal attack on the woman by dragging her down and clutching her throat. Displaying immense presence of mind amid the life-threatening encounter, the victim instructed her nine-year-old son to pull the emergency chain to bring the train to a halt. As the train stopped, the assailant attempted to flee the scene but was promptly apprehended by the Railway Police.