തൃശൂർ പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. സ്വന്തം മകന് തന്നെയാണ് വയോധികന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തിയത്. കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണനാണ് (70) ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തില് മകൻ വിനോദിനെ (37) പുതുക്കാട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, വിശദമായ അന്വേഷണത്തിൽ ക്രൂരമായ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഒക്ടോബർ 21 ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിക്ക് അടിമയായ വിനോദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പിതാവിനെ മർദിക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പും അച്ഛനെ ഇയാൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു. അമ്മയുടെ മരണശേഷം വീട്ടിൽ അച്ഛനും മകനും മാത്രമാണ് താമസിച്ചിരുന്നത്.
ഒക്ടോബർ 21-ന് കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചശേഷം പ്രതി ഗോപാലകൃഷ്ണനെ തിരിഞ്ഞുനോക്കാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് രണ്ട് ദിവസത്തോളം അവശനിലയിൽ കിടന്ന ഗോപാലകൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ഗോപാലകൃഷ്ണൻ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 23 വെള്ളിയാഴ്ച പുലർച്ചെയോടെ മരണപ്പെടുകയും ചെയ്തു. താമസിച്ച് ആശുപത്രിയിൽ എത്തിച്ചതിനാൽ പൊള്ളലുകളിലും മുറിവുകളിലും ഉണ്ടായ കടുത്ത അണുബാധയാണ് മരണത്തിന് കാരണമായത്.
ഗോപാലകൃഷ്ണന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് സഹോദരൻ മണികണ്ഠൻ നൽകിയ നിർണായക മൊഴിയാണ് കേസിൽ വഴിത്തിരിവായത്. മണികണ്ഠന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പുതുക്കാട് പൊലീസ്, വിനോദിനെ തൃശൂർ നഗരത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തതായും കേസിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മോഷണശ്രമക്കേസിലും വിനോദ് പ്രതിയാണ്.