Image credit: X/indiatoday
തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ടിവികെയുടെ പ്രാദേശിക നേതാവിനെതിരെ ലൈംഗിക പീഡന പരാതി. മണിക്കൂറുകള്‍ക്കകം പരാതി പിന്‍വലിക്കപ്പെട്ടതോടെ രാഷ്ട്രീയ വിവാദം കത്തുകയാണ്. കന്യാകുമാരി ജില്ലയിലെ ടിവികെ നേതാവ് ക്രിസ്റ്റഫറിനെതിരെയാണ് ആരോപണം. വ്യാഴാഴ്ചയാണ് സംഭവുണ്ടായത്. കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ബസ് കാത്ത് നില്‍ക്കുകയായിരുന്നു. പെരുമഴയത്ത് ഇരുവരും നില്‍ക്കുന്നത് കണ്ട് ടിവികെ നേതാവായ ക്രിസ്റ്റഫര്‍ കാര്‍ നിര്‍ത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ പരിചയക്കാരനായിരുന്നു ക്രിസ്റ്റഫറെന്ന് പെണ്‍കുട്ടി പറയുന്നു. അതിനാല്‍ ഇരുവരും കാറില്‍ കയറി. കൂട്ടുകാരി വീടെത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങി. പിന്നീട് യാത്ര തുടര്‍ന്നതോടെ ക്രിസ്റ്റഫര്‍ മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിച്ചുവെന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി പരാതിപ്പെട്ട ഉടന്‍ തന്നെ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും മൊഴിയെടുത്തുവെന്നും പൊലീസ് വെളിപ്പെടുത്തി. അതേസമയം, അറസ്റ്റിലേക്ക് കടന്നില്ല. പിറ്റേന്ന് തന്‍റെ പരാതി പിന്‍വലിക്കുകയാണെന്നും ക്രിസ്റ്റഫര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി അപേക്ഷ എഴുതിത്തയാറാക്കി സ്റ്റേഷനിലെത്തിയെന്നാണ് പൊലീസ് പറയുന്നു. എന്നാല്‍ പരാതി ഒതുക്കിത്തീര്‍ത്തതാണോ എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ വലിയ കോളിളക്കമാണ് സംഭവം സൃഷ്ടിക്കുന്നത്. ഭരണകക്ഷിയായ ടിവികെ പണവും അധികാരവും കൊണ്ട് അതിജീവിതയെ സ്വാധീനിച്ചുവെന്നും പ്രതിയെ രക്ഷിച്ചുവെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സ്വന്തം പാര്‍ട്ടി നേതാവിനെതിരെ മുഖ്യമന്ത്രി വിജയ് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഡിഎംകെ നേതാവ് കനിമൊഴി ചോദ്യമുയര്‍ത്തി. ടിവികെ ക്രിമിനലുകളുടെയും ലൈംഗിക കുറ്റവാളികളുടെയും പാര്‍ട്ടിയായി മാറിയെന്നും അവര്‍ ആരോപിച്ചു. പരാതി ഉന്നയിച്ച പെണ്‍കുട്ടിക്ക് നിയമ സംരക്ഷണം നല്‍കണമെന്നും സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ ഡിഎംകെ ജനകീയ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും അവര്‍ പറഞ്ഞു. ടിവികെ നേതാക്കള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിച്ചുവെന്നും ആശങ്കാജനകമായ സ്ഥിതിയാണെന്നും എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ എക്സില്‍ കുറിച്ചു.
അതേസമയം, നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും പരാതിക്കാരി കേസ് പിന്‍വലിച്ചതില്‍ ടിവികെയ്ക്ക് പങ്കില്ലെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. നിലവിലെ കേസുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് ആരും തയാറായിട്ടില്ല. എന്നാല്‍ കുറ്റക്കാരെ ടിവികെ വെറുതേ വിടില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും നേതാക്കള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.