ബെംഗളൂരുവില്‍ റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്യുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ തന്നെ തന്‍റെ കയ്യിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് മൂത്രമൊഴിച്ച സ്ഥലം കഴുകുകയായിരുന്നു. 'ഘർ കെ കലേഷ്' എന്ന എക്സ് ഹാന്‍ഡിലില്‍ നിന്നാണ് വിഡിയോ പങ്കുവച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പരസ്യമായി മൂത്രമൊഴിച്ച ഡ്രൈവര്‍ക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഒപ്പം പ്രതികരിച്ച യുവാവിനെയും പലരും പ്രശംസിക്കുന്നുണ്ട്.
നഗരത്തിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലെ ശുചിത്വമുള്ള നടപ്പാതയിൽ ഓട്ടോ ഡ്രൈവർ മൂത്രമൊഴിക്കുന്നത് കണ്ട യുവാവ് അയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ‘ഇതൊക്കെ ചെയ്യാൻ അറിയാം, പക്ഷെ ഇതിനുള്ള പിഴയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലേ? റോഡിൽ മൂത്രമൊഴിക്കാൻ പാടില്ലെന്ന് നിങ്ങൾക്ക് അറിയില്ലേ? ഏത് ഭാഷയിലാണ് പറഞ്ഞു തരേണ്ടത്?’ എന്ന് യുവാവ് ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം.
യുവാവ് ചോദ്യം ചെയ്തതിനെ തുടർന്ന്, ഡ്രൈവർ ഒരു കുപ്പിയിൽ വെള്ളം കൊണ്ടുവന്ന് മൂത്രമൊഴിച്ച ഭാഗത്ത് ഒഴിച്ചു വൃത്തിയാക്കാൻ ശ്രമിച്ചു. എന്നാല്‍ ‘നിങ്ങളുടെ പ്രായം നോക്കൂ, എന്നിട്ടും ഒരു ബോധവുമില്ല. വീടുകൾക്ക് മുന്നിൽ വന്ന് മൂത്രമൊഴിച്ചിട്ട് വെള്ളം ഒഴിച്ച് വൃത്തിയാക്കി എന്ന് പറയുന്നു’ എന്ന് യുവാവ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നുണ്ട്. നടപ്പാതകൾ മൂത്രമൊഴിക്കാനുള്ളതാണെന്നാണ് ഇയാൾ കരുതുന്നതെന്നും യുവാവ് വിഡിയോയില്‍ പറയുന്നു.
ഡ്രൈവറുടെ പേരും വിഡിയോയില്‍ യുവാവ് വെളിപ്പെടുന്നുണ്ട്. മാത്രമല്ല, ഓട്ടോ ഡ്രൈവർക്ക് പിഴ ചുമത്തുന്നതിനായി പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും, പൊലീസ് വരുന്നത് വരെ ഇയാളെ ഇവിടെ നിന്നും വിടില്ലെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. എന്നാല്‍ ഈ സംഭവം നടന്ന കൃത്യമായ സ്ഥലമോ തീയതിയോ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസെത്തി ഡ്രൈവർക്ക് പിഴ ചുമത്തിയോ എന്ന കാര്യത്തിലും വ്യക്തതയില്ല.