തണുത്തുറഞ്ഞുകിടക്കുന്ന ജമ്മു കശ്മീറിലെ ദാൽ തടാകം.. ചൂടന്‍ ചായ ചെറുവള്ളങ്ങളിലെത്തി വില്‍ക്കുന്ന കച്ചവടക്കാര്‍. കശ്മീരിന്‍റെ തണുപ്പുതേടിയെത്തുന്ന സഞ്ചാരികള്‍ക്ക് ഇതൊരു പുതിയ കാഴ്ച്ചയായിരിക്കില്ല. എന്നാല്‍ ചെറുവള്ളത്തില്‍ ചായ വില്‍ക്കാനെത്തിയ കച്ചവടക്കാരന്‍റെ വിഡിയോയാണ് ഇപ്പോള്‍ മലയാള സൈബറിടങ്ങളില്‍ നിറയുന്നത്. കച്ചവടക്കാരന് മലയാളികള്‍ക്ക് പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍റെ മുഖഛായയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടികാണിക്കുന്നത്.
ആദ്യകാഴ്ചയില്‍ കണ്ടാല്‍ ഇത് നമ്മുടെ ഷാന്‍ റഹ്മാന്‍ അല്ലേയെന്ന് ആര്‍ക്കും തോന്നിപോകും. ചിരിയും പ്രസരിപ്പുമെല്ലാം അതുപോലത്തന്നെ. എന്നാല്‍ സത്യത്തിൽ ഇത് ഷാൻ റഹ്മാൻ അല്ല. അദ്ദേഹത്തിന്റെ മുഖസാദൃശ്യമുള്ള ഒരു കശ്മീരിയാണ്.
നോർത്ത് ഇന്ത്യൻ ഹാൻഡിലിൽ നിന്നുവന്ന ഈ റീൽസിന്റെ കമന്റ് ബോക്സ് എന്നാൽ മലയാളികൾ തൂക്കി. മുപ്പത് ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ആദ്യം കണ്ടപ്പോൾ ഷാൻ റഹ്മാൻ ആണെന്ന് തന്നെയാണ് കരുതിയതെന്നും പുതിയ വല്ല സിനിമയുടെയോ മറ്റോ ഷൂട്ടിങ് ആയിരിക്കുമെന്നാണ് കരുതിയതെന്നുമാണ് നെറ്റിസൺസ് പറയുന്നത്.
'പാട്ടില്ലാത്തപ്പോൾ ഇടക്ക് ഇതിനും പോകും അല്ലെ, മ്യൂസിക് പരിപാടിയൊക്കെ വിട്ട് ഇപ്പോൾ വള്ളത്തിലാണോ.. *ലെ ഷാൻ റഹ്മാൻ, മറ്റേത് പാർട്ട് ടൈം ഇത് ഫുൾ ടൈം ഇടക്ക് സിനിമയിൽ അഭിനയിക്കാനും പോകും... കശ്മീരിൽ പോയി ചായക്കച്ചവടം നടത്തിയ ആരും കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ... ഇങ്ങള് ചായക്കച്ചവടവും തുടങ്ങിയോ..' എന്നുതുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. നിരവധിപേരാണ് ഷാൻ റഹ്മാനെ ഈ റീലിസിൽ മെൻഷൻ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ താരത്തിന്റെ ഭാഗത്തുനിന്നും ഈ റീലിസിന് രസകരമായ മറുപടി ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.