സോഷ്യല്‍ മീഡിയയാകെ ഇപ്പോള്‍ ഷേരു ഭായിയാണ്. വെള്ള കോട്ടും സ്യൂട്ടുമിട്ട് സ്റ്റയിലായി വരുന്ന ഡിജിറ്റല്‍ കഥാപാത്രമാണ് ഷേരു ഭായ്. കാശാണ് ആശാന്‍റെ മെയിന്‍. മനുഷ്യന്‍റെ ഉടലും സിംഹത്തിന്‍റെ തലയുമാണ് ഷേരു ഭായിക്ക്. കഴുത്തില്‍ പളപളപ്പന്‍ സ്വര്‍ണമാലകളും ആഢംബര വാച്ചും മോതിരങ്ങളുമണിഞ്ഞ ഈ കോടിശ്വരന്‍ ആരാണെന്ന് അറിയാമോ?
മനുഷ്യരെ പോലെ വസ്ത്രം ധരിച്ച് സണ്‍ഗ്ലാസും കൈനിറയെ കാശുമായി ഇരിക്കുന്ന സോഷ്യല്‍ മീഡിയയിലെ വൈറല്‍ എഐ സിംഹമാണ് ഷേരു ഭായ്. ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും ട്രോളുകളിലൂടെയും എഐ ചിത്രങ്ങളിലൂടെയുമാണ് ഈ കഥാപാത്രം വേഗത്തിൽ ട്രെന്‍ഡിങ്ങായി മാറിയത്. ഭായ് എന്നാണ് സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. ഭായിയുടെ ആറ്റിറ്റ്യൂഡും കോടികള്‍ ഒരു മടിയും കൂടാതെ വാരിയെറിയുന്നതുമാണ് പലരെയും ആകര്‍ഷിക്കുന്നത്. ഹിന്ദിയില്‍ തുടങ്ങിയ ഈ ട്രെന്‍ഡ് വളരെപെട്ടന്നാണ് മറ്റ് ഭാഷകളിലേക്കും പടര്‍ന്നത്.
മലയാളികള്‍ക്കിടയില്‍ ഷേരു ഭായ് ഇപ്പോള്‍ ഹീറോയാണ്. എയര്‍പോര്‍ട്ടില്‍ പോയി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ഉടനെ എയര്‍പോര്‍ട്ട് വാങ്ങുക, ചായ വൈകിയാല്‍ ചായക്കട തന്നെ വാങ്ങുക തുടങ്ങി പണം നോക്കാതെയുള്ള ജീവിതമാണ് ഭായിയുടേത്. തന്‍റെ അക്കൗണ്ടിനോട് പണം ചോദിക്കുന്ന രീതിയും കാണികളുടെ ഉള്ളില്‍ ചിരിയുണര്‍ത്തുന്നതാണ്. ഒരു ട്രില്ല്യണ്‍ മില്ല്യണ്‍ ഖോപ് ഖോപ് ഹട്ട് ഹട്ട് ഉപ്പിലിട്ട കോടി... തുടങ്ങുന്നതാണ് ഷേരു ഭായിയുടെ രീതി.
സാധാരണ എഐ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആളുകൾക്ക് സ്വന്തം ഫോട്ടോകൾ ഷേരു ഭായിക്കൊപ്പം ചേർത്ത് എഡിറ്റ് ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഭായിക്കൊപ്പം ആഡംബര കാറിന് മുന്നിലോ, ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതോ, സംസാരിക്കുന്നതോ ആയ റിയലിസ്റ്റിക് ചിത്രങ്ങൾ നിർമിച്ച് പ്രൊഫൈലുകളിൽ പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്.