ഒരു കുഞ്ഞിനെ കൈകാര്യം ചെയ്യുമ്പോള്‍ ആരായാലും കുറച്ചധികം ശ്രദ്ധിക്കും. താഴെ വീഴുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല. എന്തിന് കുഞ്ഞുങ്ങളെ കരുതലോടെ എടുത്താല്‍ പോലും പരുക്ക് പറ്റുന്ന അവസ്ഥയുമുണ്ട്. അവിടെയാണ് ഊഗാ ബൂഗാ ബാബയുടെ വിഡിയോ ചര്‍ച്ചയാകുന്നത്. കുഞ്ഞുങ്ങളെ കയ്യില്‍ പിടിച്ച് തലങ്ങും വിലങ്ങും കറക്കുന്ന സ്വാമിയുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ബിഹാറില്‍ നിന്നാണ്.
ദൃശ്യങ്ങള്‍ പ്രകാരം ഇയാള്‍ രണ്ട് വയസ് തോന്നിക്കുന്ന ഒരു കുഞ്ഞിനെ കൈകളിലെടുത്ത് വീശുന്നത് കാണാം. ഇതേ സമയം സമാന പ്രായത്തിലുള്ള മറ്റൊരു കുഞ്ഞിനെ നിലത്ത് കിടത്തിയിരിക്കുന്നതും വ്യക്തമാണ്. കുഞ്ഞുങ്ങളുടെ അസുഖങ്ങള്‍ മാറ്റാനുള്ള മന്ത്രവിദ്യയാണ് ഇതെന്നാണ് വിഡിയോയിലെ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. കുഞ്ഞുങ്ങളെ പഴന്തുണി പോലെ വീശുന്നത് കണ്ടിട്ടും രക്ഷിതാക്കള്‍ തങ്ങളുടെ കുഞ്ഞിനെ വീശാനായി കാത്തിരിക്കുന്നതും കാണാം.
വിഡിയോയില്‍ കുഞ്ഞിനെ കറക്കുന്ന യുവാവ് രക്ഷിതാക്കളോട് കുട്ടികളുടെ അസുഖമെന്തെന്ന് ചോദിക്കുന്നുണ്ട്. ഒരു കുഞ്ഞിന് കൈക്ക് ബുദ്ധിമുട്ടുണ്ടെന്ന് രക്ഷിതാവ് പറയുന്നു. ഇതോടെ മന്ത്രങ്ങളുരുവിട്ട് കുഞ്ഞിനെ അലക്കുകല്ലില്‍ തുണിയടിക്കുന്ന കണക്കിന് ഇയാള്‍ കറക്കുകയാണ്. അടുത്തതായി ഒരു രക്ഷിതാവ് കുഞ്ഞിന് അപസ്മാരത്തിന്‍റെ പ്രശ്നമുണ്ടെന്ന് പറയുന്നത് കേള്‍ക്കാം. ഈ കുട്ടിയേയും ഇയാള്‍ വലിച്ച് വീശുന്നു.
തലകറങ്ങി തളര്‍ന്ന കുഞ്ഞുങ്ങളെ മണ്ണില്‍ കൊണ്ടുപോയി അശ്രദ്ധമായി ഒരിടത്ത് ഇടുന്നതും വ്യക്തമാണ്. കുറച്ചുകൂടി പ്രായമുള്ള പെണ്‍കുട്ടി ഇയാളില്‍ നിന്ന് കുതറി ഓടാന്‍ ശ്രമിക്കുന്നതോടെയാണ് വിഡിയോ ആവസാനിക്കുന്നത്.
കുഞ്ഞുങ്ങളെ അമിതമായി കുലുക്കുകയോ വായുവിൽ വീശുകയോ ചെയ്യുന്നത് അതീവ അപകടകരമാണെന്ന് ഡോക്ടർമാരും വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു. ഇതിലൂടെ തലച്ചോറ് തലയോട്ടിയിൽ ചെന്ന് ഇടിക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്യാം. ഇത് കാഴ്ചശക്തി നഷ്ടപ്പെടൽ, പഠനവൈകല്യങ്ങൾ, അല്ലെങ്കിൽ മരണം വരെ സംഭവിക്കാൻ കാരണമാകാം. കുഞ്ഞുങ്ങളെ കൈകളിലോ കാലുകളിലോ പിടിച്ച് വായുവിൽ കറക്കുമ്പോൾ അവരുടെ മൃദുവായ അസ്ഥികൾക്ക് ഒടിവോ സന്ധികൾക്ക് സ്ഥാനചലനമോ സംഭവിക്കാം.