AI Generated Image
രക്താര്‍ബുദത്തിന് ചികില്‍സ തേടിയ മൂന്നുവയസുകാരന്‍ ഭോപ്പാല്‍ എയിംസില്‍ മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഫോര്‍മാലിന്‍ ശരീരത്തിലെത്തിയതാണ് കുട്ടിയുടെ മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഴ്സിന്‍റെ അശ്രദ്ധയാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് മാതാപിതാക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആരോപണവിധേയരായ രണ്ട് നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തു. മൃതദേഹങ്ങൾ, കോശങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന ദ്രാവകമാണ് മരുന്നിന് പകരം കുട്ടിക്ക് നല്‍കിയത്.
സഗർ ജില്ലയിലെ കൗർജ ഗ്രാമത്തിലെ താമസക്കാരനായ സിദ്ധാർഥ് യാദവിന്റെ മകൻ സാർദ്ധക് യാദവാണ് മരിച്ചത്. 2025 ഡിസംബറിലാണ് സംഭവം. രക്താർബുദത്തിന് ചികിത്സയിലായിരുന്നു സാര്‍ദ്ധക്. ഡിസംബർ 17ന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് ഓഫിസർ അവിടെ സിറിഞ്ചില്‍ നിറച്ചുവച്ചിരുന്ന ഒരു ദ്രാവകം കുട്ടിയുടെ ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. എന്നാലീ സമയം കുട്ടിക്കൊപ്പമുണ്ടായിരുന്ന പിതാവ് സിദ്ധാർഥ് യാദവ് നഴ്സിനോട് കുത്തിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
താൻ നഴ്‌സിനെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് കുട്ടിയുടെ പിതാവ് സിദ്ധാർഥ് യാദവ് പറഞ്ഞു. 'മൂന്ന് തവണ ഞാൻ അവരെ തടയാൻ ശ്രമിച്ചതാണ്, എന്നാൽ ഞാനാണോ അതോ നിങ്ങളാണോ ഇവിടുത്തെ ഡോക്ടർ? എന്നായിരുന്നു അവർ ചോദിച്ചത്. അതിന് തൊട്ടുപിന്നാലെ എന്റെ മകന്റെ ബോധം നഷ്ടപ്പെട്ടു', പിതാവ് സിദ്ധാർത്ഥ് പറയുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ബോധരഹിതനായ കുട്ടിയെ ഉടൻ തന്നെ പിഐസിയുവിലേക്ക് (PICU) മാറ്റി. ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുട്ടി കുഴഞ്ഞുവീണതിന് പിന്നാലെ ഐവി ബോട്ടിൽ മാറ്റാൻ ആശുപത്രി അധികൃതർ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. താൻ എങ്ങനെയൊക്കെയോ അത് കൈക്കലാക്കിയെങ്കിലും പിന്നീട് അത് തന്റെ കൈയിൽ നിന്ന് അവർ പിടിച്ചെടുക്കുകയായിരുന്നുവെന്ന് പിതാവ് സിദ്ധാർത്ഥ് പറയുന്നു. കുട്ടിയുടെ മരണത്തിന് കാരണം ഫോര്‍മാലിന്‍ സിറിഞ്ചില്‍ അശ്രദ്ധമായി സൂക്ഷിച്ച നഴ്സും കുത്തിവെപ്പെടുത്ത നഴ്സുമാണെന്ന് കുടുംബം സംഭവത്തിന് പിന്നാലെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ആ ആരോപണങ്ങളെ അക്ഷരാര്‍ഥത്തില്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സാര്‍ദ്ധകിന്‍റെ മരണത്തിന് നേരിട്ടുള്ള കാരണം ശരീരത്തിലേക്ക് ഐവി ലൈൻ വഴി ഫോർമാലിൻ കുത്തിവെച്ചതാണെന്ന് എയിംസിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നഴ്‌സിംഗ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നഴ്‌സിംഗ് ഓഫീസറായ മധുബാല ശർമ്മയാണ് ഈ രാസവസ്തു കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചത്. ഫോർമാലിൻ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയത് മറ്റൊരു നഴ്‌സിംഗ് ഓഫീസറായ അനുക ഗുജറാത്തിയുമാണ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.